മുംബൈ: മഹാരാഷ്ട്രയിൽ തൻ്റെ പാർട്ടി അധികാരത്തിൽ വന്നാല്‍ മറാത്ത രാജാവായ ഛത്രപതി ശിവജി മഹാരാജിന് വേണ്ടി എല്ലാ ജില്ലകളിലും ക്ഷേത്രം നിർമിക്കുമെന്ന് ശിവസേന (യുബിടി) നേതാവ് ഉദ്ധവ് താക്കറെ. പാർട്ടിയുടെ ദസറ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ഭരണകക്ഷിയെ ഉദ്ധവ് താക്കറെ വിമര്‍ശിച്ചു.
'ശിവസേന (യുബിടി) ഒരു കടുവയാണ്, ഡൽഹിക്കാർ എത്ര തലമുറകൾ വന്നാലും ഞങ്ങൾ അവരെ നശിപ്പിക്കും. അവർ എന്നെയും ശിവസേനയെയും (യുബിടി) നശിപ്പിക്കാൻ തീരുമാനിച്ചു. ജനങ്ങളുടെ പിന്തുണ ഇല്ലായിരുന്നുവെങ്കിൽ എനിക്ക് പിടിച്ചു നിൽക്കാൻ കഴിയുമായിരുന്നില്ല' - ഉദ്ധവ് താക്കറെ പറഞ്ഞു.
ബിജെപിയുടെ ഹിന്ദുത്വ എന്ന ആശയം തുരുമ്പിച്ചതാണ്. ബിജെപിയുമായി പോരാടുന്നത് ശരിയോ തെറ്റോ എന്നും താക്കറെ ചോദിച്ചു. മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന പിന്തുടരുന്ന ആശയങ്ങള്‍ ശിവസേന സ്ഥാപകനായ ബാലാസാഹേബ് താക്കറെ പഠിപ്പിച്ചതല്ല എന്നും അദ്ദേഹം പറഞ്ഞു.
സിന്ധുദുർഗ് ജില്ലയിൽ ശിവജി പ്രതിമ തകർന്ന സംഭവത്തിൽ താക്കറെ മഹാരാഷ്ട്ര സർക്കാരിനെതിരെ ആഞ്ഞടിച്ചു. 'ഛത്രപതി ശിവജി മഹാരാജ് ഞങ്ങളുടെ ദൈവമാണ്. ബിജെപി വോട്ടിന് വേണ്ടി ശിവജി മഹാരാജിൻ്റെ പ്രതിമ സ്ഥാപിച്ചു. പ്രതിമ സ്ഥാപിക്കുമ്പോഴും അവര്‍ അഴിമതിയിൽ ഏർപ്പെട്ടു. ഞങ്ങളുടെ സർക്കാർ വരുമ്പോൾ എല്ലാ ജില്ലയിലും ശിവജി മഹാരാജിന്‍റെ ക്ഷേത്രം നിർമിക്കും' ഉദ്ധവ് താക്കറെ കൂട്ടിച്ചേര്‍ത്തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ മഹാഭാരതത്തിലെ കഥാപാത്രമായ 'ശകുനി മാമ' എന്ന് താക്കറെ വിളിച്ചു. ഏകനാഥ് ഷിൻഡെ മഹാരാഷ്ട്രയെ കൊള്ളയടിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശിവസേന (യുബിടി) നേതാക്കളായ ആദിത്യ താക്കറെ, അനന്ത് ഗീതേ, സഞ്ജയ് റാവത്ത്, സുഷമ അന്ധാരെ, സുഭാഷ് ദേശായി എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
Also Read: ശിവജി മഹാരാജിൻ്റെ പേരിൽ ഉദ്ധവ് താക്കറെ രാഷ്ട്രീയം കളിക്കുന്നു: ഏകനാഥ് ഷിൻഡെ