ഉത്തരാഖണ്ഡ് : ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാനുള്ള നടപടികള്‍ വേഗത്തിലാക്കി ഉത്തരാഖണ്ഡ്. ഇത് സംബന്ധിച്ച് അന്തിമ റിപ്പോർട്ട് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമിയ്‌ക്ക് സമര്‍പ്പിച്ചു (UCC draft submitted to Uttarakhand CM). ജസ്റ്റിസ് രഞ്ജന ദേശായി അധ്യക്ഷനായ സമിതി തയാറാക്കിയ റിപ്പോർട്ടാണ് വെള്ളിയാഴ്‌ച സമർപ്പിച്ചത്. ഫെബ്രുവരി അഞ്ച് മുതൽ എട്ട് വരെ നടക്കാനിരിക്കുന്ന നാല് ദിവസത്തെ പ്രത്യേക നിയമസഭയിൽ മുഖ്യമന്ത്രി യുസിസി ബിൽ അവതരിപ്പിക്കും.
സംസ്ഥാനതല മന്ത്രിസഭ യോഗത്തിൽ ചർച്ച ചെയ്‌തതിനു ശേഷമേ കരട് നിയമസഭയിൽ ബില്ലായി അവതരിപ്പിക്കൂ. ഡെറാഡൂണിൽ ഇന്ന് (ഫെബ്രുവരി 2) രാവിലെ 11 മണിയോടെയാണ് കരട് റിപ്പോർട്ട് സമർപ്പിച്ചത്. കരട് റിപ്പോർട്ട് അവലോകനത്തിന് ശേഷം അടുത്ത നിയമസഭ സമ്മേളനത്തിൽ ബിൽ പാസാക്കുമെന്നും സംസ്ഥാനത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതിനുള്ള നടപടികളിലേക്ക് കടക്കുമെന്നും പുഷ്‌കർ സിങ് ധാമി അറിയിച്ചു.
'സംസ്ഥാനത്തെ എല്ലാ ജനങ്ങൾക്കും ഇന്ന് സുപ്രധാന ദിനമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'ഏക് ഭാരത്-ശ്രേഷ്‌ഠ ഭാരത്' ആശയം നടപ്പാക്കുന്നതിലൂടെ ഞങ്ങൾ കൂടുതൽ ശക്തരായി മുന്നോട്ട് പോകുകയായണ്' -അദ്ദേഹം കൂട്ടിച്ചേർത്തു.
ഇത് നടപ്പാക്കാൻ കഴിഞ്ഞാൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനം ഉത്തരാഖണ്ഡ് ആയിരിക്കും. സംസ്ഥാനത്തെ ബിജെപി സർക്കാരിന്‍റെ പ്രധാന വാഗ്‌ദാനങ്ങളിൽ ഒന്നായിരുന്നു ഏകീകൃത സിവിൽ കോഡ് നിയമം നടപ്പാക്കുക എന്നത്. സംസ്ഥാനത്ത് ഏകീകൃത സിവിൽ കോഡ് നിയമം നടപ്പാക്കിയതിനു ശേഷം മറ്റ് സംസ്ഥാനങ്ങളിലെ അസംബ്ലികളിലും സമാന ബിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഗോവയിൽ പോർച്ചുഗീസ് ഭരണകാലം മുതലേ ഏകീകൃത സിവിൽ കോഡ് നിലനിൽക്കുന്നുണ്ട്. 2022 നടന്ന നിയമസഭ തെരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങളിൽ ഏറ്റവും പ്രധാപ്പെട്ട ഒന്നായിരുന്നു ഏകീകൃത സിവിൽ കോഡ് എന്ന് ബിജെപി സംസ്ഥാന ചുമതലയുള്ള ദുഷ്യന്ത് ഗൗതം പറഞ്ഞു.