കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്ത്.മണിപ്പൂരില്‍ സ്‌ത്രീകള്‍ക്ക് നേരെയുണ്ടായ അതിക്രമങ്ങള്‍ കാണാന്‍ പ്രധാനമന്ത്രിക്ക് കണ്ണില്ലായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയ ടിഎംസി അതേ പ്രധാനമന്ത്രി പശ്ചിമബംഗാളില്‍ നാരിശക്തിയെക്കുറിച്ച് പഠിപ്പിക്കുന്നുവെന്നും ആരോപിച്ചു(Women of Manipur).
എക്‌സിലൂടെ തൃണമൂലിന്‍റെ രാജ്യസഭാംഗം ഡെറിക് ഒബ്രിയാന്‍ ആണ് മോദിക്കെതിരെ ചോദ്യങ്ങളുയര്‍ത്തിയത്. മൂന്ന് ചോദ്യങ്ങളാണ് സര്‍ എനിക്ക് അങ്ങയോട് ചോദിക്കാനുള്ളത് എന്ന് പറഞ്ഞ് കൊണ്ട് അക്കമിട്ടാണ് ഒബ്രിയാന്‍ മോദിയോട് ചോദ്യങ്ങള്‍ ഉന്നയിച്ചത്. ഓരോ മണിക്കൂറിലും 51 കുറ്റകൃത്യങ്ങള്‍ വീതം രാജ്യത്ത് സ്‌ത്രീകള്‍ക്കെതിരെ ഉണ്ടാകുന്നത് എന്ത് കൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു. എന്ത് കൊണ്ടാണ് ലോക്‌സഭയില്‍ ബിജെപിക്ക് പതിമൂന്ന് ശതമാനം സ്‌ത്രീകള്‍ മാത്രം ഉള്ളത്. 195 അംഗ സ്ഥാനാര്‍ത്ഥി പട്ടികയില്‍ സ്‌ത്രീപ്രാതിനിധ്യം വെറും പതിനാല് ശതമാനമായി പോയതെന്നും അദ്ദേഹം ആരാഞ്ഞു. ഗുസ്‌തിതാരങ്ങളെ ലൈംഗികമായി അപമാനിച്ച ബിജെപി എംപിയ്ക്കെതിരെ എന്ത് കൊണ്ടാണ് നടപടികളൊന്നും കൈക്കൊള്ളാത്തത് എന്നും അദ്ദേഹം ചോദിച്ചു(TMC).
നേരത്തെ ബിജെപിയുെട വനിതാ റാലിയെ അഭിസംബോധന ചെയ്യവെ മോദി ടിഎംസിക്കെതിരെ ആഞ്ഞടിച്ചിരുന്നു. സന്ദേശ്ഖാലിയില്‍ സ്‌ത്രീകള്‍ക്കെതിരെ ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്‌ത തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളോട് പൊറുക്കാനാകില്ല. അവര്‍ ദളിതുകളോടും സഹോദരിമാരോടും പെണ്‍മക്കളോടും പാവങ്ങളോടും ആദിവാസികളോടും ദ്രോഹങ്ങള്‍ ചെയ്‌തിരിക്കുന്നുവെന്നും മോദി ആരോപിച്ചിരുന്നു(PM).
സന്ദേശ്ഖാലിയിലെ കൊടുങ്കാറ്റ് പശ്ചിമബംഗാളിലെ ഓരോ മൂലയിലും വീശിയടിച്ച് തൃണമൂല്‍ സര്‍ക്കാരിനെ കടപുഴക്കും. ഈ തൃണമൂല്‍ സര്‍ക്കാര്‍ ഒരിക്കലും അമ്മമാരെയും സഹോദരിമാരെയും സംരക്ഷിച്ചിട്ടില്ല. കോടതികളില്‍ നിന്ന് പോലും തൃണമൂല്‍ കോണ്‍ഗ്രസ് രൂക്ഷ വിമര്‍ശനം ഏറ്റുവാങ്ങി. ഈ സ്‌ത്രീകള്‍ ഇപ്പോള്‍ തൃണമൂലിന് മറുപടി നല്‍കാന്‍ തെരുവിലിറങ്ങിയിരിക്കുകയാണെന്നും മോദി പറഞ്ഞു.
സംസ്ഥാന മന്ത്രി ഡോ ശശി പാഞ്ചയും മോദിയെ കണക്കിന് വിമര്‍ശിച്ചു. പ്രധാനമന്ത്രി മണിപ്പൂരിലെ സ്‌ത്രീകളെ കാണുന്നില്ല. എന്നിട്ട് ഇവിടെ വന്ന് ബംഗാളിലെ അമ്മയെ വിമര്‍ശിക്കുന്നു. എന്നിട്ട് ദുര്‍ഗാമാതാവിനെ കുറിച്ചും പറയുന്നു. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേന്ദ്ര സര്‍ക്കാരിന്‍റെ വനിതാ പദ്ധതികള്‍ സംസ്ഥാനത്ത് പൂര്‍ണമായും നടപ്പാക്കുന്നില്ലെന്നും മോദി ആരോപിച്ചിരുന്നു. സന്ദേശ്ഖാലിയിലെ സ്‌ത്രീകളുമായി മോദി ആശയവിനിമയം നടത്തി. അവരുടെ പ്രശ്‌നങ്ങള്‍ സമാധാനപരമായി കേള്‍ക്കുകയും ചെയ്‌തു.
Also Read: സന്ദേശ്ഖാലിയില്‍ മോദി; ബംഗാളിലെ സ്‌ത്രീകളിലേക്ക് എത്താനുള്ള ബിജെപി ശ്രമമെന്ന് വിലയിരുത്തല്‍