റാഞ്ചി : ജംഷഡ്‌പൂരിൽ നിന്ന് കാണാതായ പരിശീലന വിമാനത്തിന്‍റെ അവശിഷ്‌ടങ്ങൾ കണ്ടെത്തി. ആറ് ദിവസത്തിന് ശേഷമാണ് വിമാനത്തിന്‍റെ അവശിഷ്‌ടങ്ങൾ ലഭിക്കുന്നത്. സെറൈകെലയിലെ ചാൻഡിൽ ഡാമിൽ ഇന്ത്യൻ നാവികസേനയുടെ രക്ഷാസംഘം നടത്തിയ തെരച്ചിലിലാണ് വിമാനത്തിന്‍റെ അവശിഷ്‌ടങ്ങൾ കണ്ടെത്തിയത്.
വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും മരണപ്പെട്ടതായും സ്ഥിരീകരിച്ചു. ആൽക്കെമിസ്റ്റ് ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡിന്‍റെ (എഎപിഎൽ) പരിശീലന വിമാനം ഓഗസ്റ്റ് 20 ന് ജംഷഡ്‌പൂരിലെ സോനാരി വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെയാണ് കാണാതായത്.
സെറൈകെല ജില്ലാ ഭരണകൂടത്തിന്‍റെ നേതൃത്വത്തിൽ ദേശീയ ദുരന്ത നിവാരണ സേന അടുത്ത ദിവസം മുതൽ തെരച്ചിൽ തുടങ്ങിയിരുന്നു. 'സെസ്‌ന 152' എന്ന വിമാനത്തിലുണ്ടായിരുന്ന ക്യാപ്റ്റൻ ജീത് ശത്രു ആനന്ദിന്‍റെയും ട്രെയിനി പൈലറ്റ് സുപ്രോദിപ് ദത്തയുടെയും മൃതദേഹങ്ങൾ ഓഗസ്റ്റ് 22 ന് ഡാമിൽ നിന്ന് കണ്ടെടുത്തു.
ക്യാപ്റ്റൻ ജീത് ശത്രു ആനന്ദ് പട്‌നയ്ക്കടുത്തുള്ള മിതാപൂർ സ്വദേശിയും സുപ്രോദിപ് ദത്ത ജംഷഡ്‌പൂരിനടുത്തുള്ള ആദിത്യപുരിയിലുമാണ് താമസിച്ചിരുന്നത്. വിശാഖപട്ടണത്ത് നിന്നുള്ള നേവി റെസ്ക്യൂ ടീം തിങ്കളാഴ്‌ച (ഓഗസ്റ്റ് 26) രാവിലെ മുതൽ വിമാനത്തിൻ്റെ അവശിഷ്‌ടങ്ങൾക്കായി തെരച്ചിൽ നടത്തുകയും വൈകുന്നേരത്തോടെ അവശിഷ്‌ടങ്ങൾ കണ്ടെത്തുകയും ചെയ്‌തു.
അതേസമയം ട്രെയിനിങ് സ്‌കൂൾ മാനേജ്‌മെൻ്റിനെതിരെ ഗുരുതര ആരോപണവുമായി മരിച്ച പൈലറ്റിൻ്റെ കുടുംബം രംഗത്തെത്തിയിരിക്കുകയാണ്. ഓഗസ്റ്റ് 20 ന് രാവിലെ വിമാനത്തിന് എയർ ട്രാഫിക് സിസ്റ്റവുമായുള്ള ബന്ധം നഷ്‌ടപ്പെട്ടുവെന്ന് അവർ അവകാശപ്പെട്ടു. എന്നാൽ മണിക്കൂറുകൾക്ക് ശേഷമാണ് മാനേജ്മെൻ്റ് ജില്ലാ ഭരണകൂടത്തെ അറിയിച്ചത് എന്നാണ് കുടുംബം ആരോപിക്കുന്നത്.