ചണ്ഡീഗഡ് : ചണ്ഡീഗഡ് ശ്രീ ഫത്തേഗഡ് സാഹിബിൽ ചരക്ക് ട്രയിനുകളും പാസഞ്ചര്‍ ട്രെയിനും കൂട്ടിയിടിച്ച് അപകടം. ഇന്ന്(02-06-2024) പുലർച്ചെ 4 മണിയോടെയാണ് അപകടമുണ്ടായത്. ചരക്ക് ട്രെയിനുകള്‍ കൂട്ടിയിടിച്ച ശേഷം ഒരു ട്രെയിനിന്‍റെ എൻജിൻ മറിഞ്ഞ് തൊട്ടടുത്ത ട്രാക്കിലൂടെ കടന്നുപോകുന്ന പാസഞ്ചർ ട്രെയിനില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ചരക്ക് തീവണ്ടിയിലെ രണ്ട് ലോക്കോ പൈലറ്റുമാർക്ക് പരിക്കേറ്റു. ഇവരെ പട്യാലയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ട്രെയിനുകള്‍ക്ക് വേഗത കുറവായതിനാലാണ് വൻ അപകടം ഒഴിവായത്.
സംഭവമിങ്ങനെ : കൽക്കരി കയറ്റിയ ട്രെയിൻ ന്യൂ സിര്‍ഹിന്ദ് സ്റ്റേഷനിലെ നിര്‍ദ്ദിഷ്‌ട ട്രാക്കില്‍ നിര്‍ത്തിയിട്ടിരിക്കേ, കൽക്കരി കയറ്റിയ മറ്റൊരു ട്രെയിൻ ഇതേ ട്രാക്കിലൂടെ വന്ന് പിന്നിൽ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ ഗുഡ്‌സ് ട്രെയിനിന്‍റെ എൻജിൻ മറിഞ്ഞു. ഈ സമയം കൊൽക്കത്തയിൽ നിന്ന് ജമ്മുവിലേക്ക് പോകുന്ന പ്രത്യേക സമ്മർ ട്രെയിൻ, അംബാലയിൽ നിന്ന് ലുധിയാനയിലേക്ക് പോവുകയായിരുന്നു. ഇതിനിടെയാണ് ചരക്ക് തീവണ്ടിയുടെ എഞ്ചിന്‍ പാസഞ്ചര്‍ ട്രയിനിന് മുകളിലേക്ക് വീണത്. ട്രെയിൻ ന്യൂ സിർഹിന്ദ് സ്റ്റേഷന് സമീപം എത്തിയതിനാല്‍ വേഗത കുറവായിരുന്നു.
വേഗത കുറവായതിനാൽ ഡ്രൈവർക്ക് ഉടൻ ട്രെയിൻ നിർത്താനായി. അതിനാലാണ് വൻ അപകടം ഒഴിവായതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. എന്നാൽ ട്രെയിൻ ഭാഗികമായി തകർന്നിട്ടുണ്ട്. അപകടത്തില്‍ ട്രാക്കിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
അപകടത്തിന് ശേഷം മറ്റൊരു എഞ്ചിൻ ഘടിപ്പിച്ചാണ് പാസഞ്ചർ ട്രെയിൻ രാജ്‌പുരയിലേക്ക് അയച്ചത്. ട്രാക്കിലെ അറ്റകുറ്റ പണിയും ആരംഭിച്ചിട്ടുണ്ട്.
സംഭവം അന്വേഷിക്കുകയാണെന്ന് സിർഹിന്ദ് ഗവൺമെന്‍റ് റെയിൽവേ പൊലീസ് (ജിആർപി) സ്റ്റേഷൻ ഇൻചാർജ് രത്തൻ ലാൽ പറഞ്ഞു. ഉത്തർപ്രദേശിലെ സഹരൻപൂർ സ്വദേശികളായ വികാസ് കുമാർ, ഹിമാൻഷു കുമാർ എന്നിവര്‍ക്കാണ് പരിക്കേറ്റത്. വികാസിന് തലയ്ക്കും ഹിമാൻഷുവിന്‍റെ പുറത്തുമാണ് പരിക്ക്. അപകടത്തെ തുടര്‍ന്ന് അംബാല മുതൽ ലുധിയാന വരെയുള്ള ട്രെയിൻ ഗതാഗതം നിർത്തിവച്ചിരിക്കുകയാണെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.
Also Read : മലപ്പുറത്ത് ട്രെയിന്‍ യാത്രക്കിടെ വനിത ഡോക്‌ടർക്ക് പാമ്പ് കടിയേറ്റു - SNAKE BITE ON PASSENGER