1951ഡല്‍ഹിയില്‍ നടന്ന ഒരു ചെറിയ ചടങ്ങിലാണ് ഭാരതീയ ജനതാ പാര്‍ട്ടി അഥവ ബിജെപിയുടെ മാതൃരൂപമായ ഭാരതീയ ജനസംഘം പിറവി കൊണ്ടത്.
ജനസംഘം സ്ഥാപകര്‍: ശ്യാമപ്രസാദ് മുഖര്‍ജി, ബല്‍രാജ് മധോക്, ദീന്‍ദയാല്‍ ഉപാധ്യായ, എന്നിവരായിരുന്നു ജനസംഘത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍. ദീപമായിരുന്നു ജനസംഘത്തിന്‍റെ ചിഹ്‌നം. ഒപ്പം കാവിക്കൊടിയും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ജനസംഘത്തിന്‍റെ പിറവിയിലേക്ക് നയിച്ച കാരണങ്ങള്‍
പ്രാഥമികമായി രണ്ട് കാരണങ്ങളാണ് ജനസംഘത്തിന്‍റെ രൂപീകരണത്തിലേക്ക് നയിച്ചത്. അതില്‍ പ്രധാനം നെഹ്‌റു -ലിയാഖത്ത് കരാര്‍ ആയിരുന്നു. രണ്ടാമത്തേതാകട്ടെ ഗാന്ധി വധത്തിന് ശേഷം രാഷ്‌ട്രീയ സ്വയം സേവക് സംഘിന്‍റെ നിരോധനവും. ആര്‍എസ്‌എസിന്‍റെ നിരോധനത്തിന് ശേഷം കോണ്‍ഗ്രസിന് ഒരു ബദല്‍ വേണമെന്ന ചിന്ത ജനങ്ങളില്‍ ശക്തമായി. ജനസംഘത്തിന്‍റെ അംഗങ്ങള്‍ക്ക് ഒരു രാഷ്‌ട്രീയ അടിത്തറ ആവശ്യമായിരുന്നു. നെഹ്റു സര്‍ക്കാരില്‍ നിന്ന് രാജി വച്ച ശ്യാമപ്രസാദ് മുഖര്‍ജി ആര്‍എസ്‌എസിന്‍റെ അന്നത്തെ സര്‍സംഘ ചാലക് ആയിരുന്ന മാധവ് സദാശിവ റാവു ഗോല്‍വാള്‍ക്കറെന്ന എം എസ് ഗോല്‍വാല്‍ക്കറുമായി കൂടിക്കാഴ്‌ച നടത്തി. ആ കൂടിക്കാഴ്‌ചയിലാണ് ജനസംഘം രൂപീകരണത്തിന് ബീജാവാപം ചെയ്യുന്നത്.
ജനസംഘത്തിന്‍റെ തെരഞ്ഞെടുപ്പ് പ്രകടനം
1952ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഭാരതീയ ജനസംഘത്തിന്‍റെ ടിക്കറ്റിലും തെരഞ്ഞെടുപ്പ് ചിഹ്‌നത്തിലും 94 സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചു.
അന്ന് മൂന്ന് പേര്‍ക്ക് പാര്‍ലമെന്‍റില്‍ പാര്‍ട്ടിയെ പ്രതിനിധീകരിക്കാന്‍ അവസരം കിട്ടി. ഇതില്‍ രണ്ട് പേര്‍ പശ്ചിമബംഗാളില്‍ നിന്നും ഒരാള്‍ രാജസ്ഥാനില്‍ നിന്നുമായിരുന്നു തെരഞ്ഞെടുക്കപ്പെട്ടത്. പുതുതായി തെരഞ്ഞെടുക്കപ്പെട്ടവരില്‍ പ്രമുഖന്‍ കൊല്‍ക്കത്ത സൗത്ത് ഈസ്റ്റ് മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ശ്യാമപ്രസാദ് മുഖര്‍ജി തന്നെ ആയിരുന്നു. മിഡ്നാപൂര്‍ -ഝാര്‍ഗ്രാം മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ദുര്‍ഗ ചരണ്‍ ബാനര്‍ജി, ചിറ്റോര്‍, രാജസ്ഥാന്‍ മണ്ഡലത്തില്‍ നിന്നുള്ള ഉമാശങ്കര്‍ ത്രിവേദി എന്നിവരായിരുന്നു
1957ലെ അടുത്ത തെരഞ്ഞെടുപ്പില്‍ ബിജെഎസ് 130 സീറ്റുകളില്‍ മത്സരിച്ചു. നാല് സീറ്റുകളില്‍ വിജയിക്കാനായി. 5.97ശതമാനം വോട്ടും നേടി. ഉത്തര്‍പ്രദേശിലും ബോംബെയിലും നിന്നാണ് രണ്ട് സീറ്റുകള്‍ വീതം നേടിയത്.
1962ല്‍ പാര്‍ട്ടി പതിനാല് സീറ്റുകളിലേക്ക് വളര്‍ന്നു. വോട്ട് പങ്കാളിത്തം 6.44ശതമാനമായി കുതിച്ചുകേറി. ഇതോടെ ഔദ്യോഗിക പ്രതിപക്ഷമെന്ന പദവിയും പാര്‍ട്ടിക്ക് സ്വന്തമായി.
1967ല്‍ ബിജെഎസ് 520 സീറ്റുകളില്‍ 249ലും സ്ഥാനാര്‍ത്ഥികളെ ഇറക്കി. 35 സീറ്റുകളില്‍ വിജയം കൊയ്‌തു. 9.31ശതമാനം വോട്ടും പാര്‍ട്ടി സ്വന്തമാക്കി. ഡല്‍ഹിക്ക് പുറമെ ഉത്തര്‍പ്രദേശിലും പാര്‍ട്ടി കരുത്ത് കാട്ടി. മത്സരിച്ച 77 സീറ്റുകളില്‍ പന്ത്രണ്ടിലും വിജയം കണ്ടു.
1971ല്‍ പാര്‍ട്ടി 518 ലോക്‌സഭ സീറ്റുകളില്‍ 157ലും മത്സരിച്ചു. 22 സീറ്റുകളിലാണ് വിജയിച്ചത്. 7.35 ശതമാനം വോട്ട് നേടി.
ജനസംഘം ഉയര്‍ത്തുന്ന വിഷയങ്ങള്‍
രാജ്യത്ത് പൊതു സിവില്‍ നിയമത്തിന് വേണ്ടി നിലകൊള്ളുന്ന കക്ഷിയാണ് ജനസംഘം. ഗോഹത്യ നിരോധനം, ജമ്മു കശ്‌മീരിന് പ്രത്യേക പദവി നല്‍കുന്ന അനുച്ഛേദം 370 റദ്ദാക്കല്‍ തുടങ്ങിയവും ജനസംഘിന്‍റെ പ്രഖ്യാപിത ലക്ഷ്യങ്ങളായിരുന്നു. ജമ്മു കശ്‌മീര്‍ സംബന്ധിച്ച് 1953ലാണ് ജനസംഘം ആദ്യ സുപ്രധാന പ്രചരണത്തിന് തുടക്കമിട്ടത്. പ്രത്യേക പദവികളൊന്നുമില്ലാതെ മറ്റ് സംസ്ഥാനങ്ങളെ പോലെ പൂര്‍ണമായും ഇന്ത്യയോട് കൂട്ടിച്ചേര്‍ക്കണമെന്നായിരുന്നു ആവശ്യം. ആ സമയത്ത് ജമ്മ കശ്‌മീര്‍ സന്ദര്‍ശിക്കണമെങ്കില്‍ പ്രത്യേക അനുമതി ആവശ്യമായിരുന്നു. മുഖ്യമന്ത്രിക്ക് പകരം പ്രധാനമന്ത്രിയുടെ പ്രത്യേക ഓഫീസാണ് അവിടെ ഉണ്ടായിരുന്നത്.
രാജസ്ഥാന്‍, ഗുജറാത്ത്, ഹരിയാന, മഹാരാഷ്‌ട്ര, മധ്യപ്രദേശ്, ബിഹാര്‍, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ സംഘത്തിന് കാര്യമായ വേരോട്ടമുണ്ടായി. എങ്കിലും ഇവയുടെ രാഷ്‌ട്രീയ അടിത്തറ വടക്കേന്ത്യയിലേക്ക് മാത്രമായി ചുരുക്കപ്പെട്ടു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സംഘത്തിന് കാര്യമായ സ്വീകാര്യത കിട്ടിയില്ല. മുഖര്‍ജിക്ക് ശേഷം, ദീന്‍ദയാല്‍ ഉപാധ്യായ, അടല്‍ ബിഹാരി വാജ്‌പേയ്, എല്‍ കെ അദ്വാനി, തുടങ്ങിയവര്‍ ജനസംഘത്തെ നയിച്ചു.
ശ്യാമപ്രസാദ് മുഖര്‍ജിയും ജനസംഘും തമ്മിലുള്ള ബന്ധം
ഇന്ത്യ സ്വതന്ത്രയായ ശേഷം ശ്യാമപ്രസാദ് മുഖര്‍ജി ജവഹര്‍ലാല്‍ നെഹ്‌റുവിന്‍റെ കോണ്‍ഗ്രസ് സര്‍ക്കാരില്‍ അംഗമായിരുന്നു. 1950 ഏപ്രില്‍ 19ന് അദ്ദേഹം മന്ത്രിസഭവിട്ടു. കോണ്‍ഗ്രസിന് ബദലായി സ്വന്തം പാര്‍ട്ടിക്ക് രൂപം കൊടുത്തു. വ്യവസായ മന്ത്രിസ്ഥാനം വേണ്ടെന്ന് വച്ചാണ് അദ്ദേഹം ജനസംഘത്തിന് രൂപം നല്‍കിയത്. ഇത് പലരുടെയും പുരികം ചുളിപ്പിച്ചു. ജനസംഘം പിന്നീട് ബിജെപിയായി പരിണമിച്ചു. ലോകത്തിലെ ഏറ്റവും വലിയ രാഷ്‌ട്രീയ കക്ഷിയായ ബിജെപിയുടെ തുടക്കം ഇങ്ങനെ ആയിരുന്നു.
ജനസംഘത്തില്‍ നിന്ന് ഉയിരെടുത്ത ഭാരതീയ ജനതാ പാര്‍ട്ടി
1975ല്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി രാജ്യത്ത് അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയതോടെയാണ് ജനസംഘത്തിന് വഴിത്തിരിവുണ്ടാകുന്നത്. അടിയന്തരാവസ്ഥയ്ക്കെതിരെ ജനസംഘം രംഗത്തെത്തി. ജനസംഘവുമായി ബന്ധപ്പെട്ട എല്ലാ നേതാക്കളും ജയിലിലടയ്ക്കപ്പെട്ടു.
1977ല്‍ ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പിന്‍വലിക്കുകയും രാജ്യം പൊതുതെരഞ്ഞെടുപ്പിലേക്ക് പോകുകയും ചെയ്‌തു. ഇന്ദിരയെയും കോണ്‍ഗ്രസിനെയും പരാജയപ്പെടുത്താനായി പ്രതിപക്ഷ കക്ഷികളെല്ലാം പ്രത്യയ ശാസ്‌ത്ര വ്യത്യാസങ്ങള്‍ മറന്ന് ഒന്നിച്ചു. ജനസംഘം ജനത പാര്‍ട്ടിയില്‍ ലയിച്ചു. കോണ്‍ഗ്രസിലെ വിമതരും സോഷ്യലിസ്റ്റുകളുമടക്കമുള്ളവരുടെ കക്ഷിയായിരുന്നു ജനത പാര്‍ട്ടി. 1977ലെ പൊതു തെരഞ്ഞെടുപ്പില്‍ ജനസംഘം വന്‍ വിജയം കൈവരിച്ചു.