ചെന്നൈ : സ്വാതന്ത്ര്യസമര സേനാനി പശുമ്പൊൻ മുത്തുരാമലിംഗ തേവർക്കെതിരെയും ഡിഎംകെ സ്ഥാപകൻ അണ്ണാദുരൈക്കെതിരെയും തെറ്റായ വാർത്ത പ്രചരിപ്പിച്ച കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലയെ വിചാരണ ചെയ്യാൻ തമിഴ്‌നാട് ഗവർണർ അനുമതി നൽകി. കഴിഞ്ഞ വർഷം സെപ്‌തംബർ 11-ന് ചെന്നൈയിൽ ബിജെപി നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെയായിരുന്നു അണ്ണാമലയുടെ പരാമര്‍ശം. 1956-ൽ മധുരയിൽ നടന്ന ഒരു ചടങ്ങിൽ യുക്തിസഹമായ നിലപാടുകൾ പറഞ്ഞതിന് അണ്ണാദുരൈയെ പശുമ്പൊൻ മുത്തുരാമലിംഗ തേവർ രൂക്ഷമായി വിമർശിച്ചിരുന്നു എന്നായിരുന്നു അണ്ണാമലയുടെ പരാമര്‍ശം.
ഇതിന് മാപ്പ് പറഞ്ഞില്ലെങ്കിൽ അമ്മൻ മീനാക്ഷിക്ക് പാലഭിഷേകത്തിന് പകരം രക്താഭിഷേകം നടത്തുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. മുത്തുരാമലിംഗ തേവരുടെ താക്കീത് ഭയന്ന് അണ്ണാദുരൈയും പി ടി രാജനും ഓടിപ്പോയി മാപ്പ് ചോദിച്ചു എന്നും അണ്ണാമലൈ പറഞ്ഞു. അണ്ണാമലൈയുടെ പ്രസംഗം വൻ വിവാദമായതോടെ ബിജെപി-എഐഎഡിഎംകെ സഖ്യത്തിൽ പിളർപ്പുണ്ടായി.
ജനങ്ങൾക്കിടയിൽ തെറ്റായ വാർത്ത പ്രചരിപ്പിച്ച് സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചു എന്ന കുറ്റം ചുമത്തി സേലത്തെ സാമൂഹിക പ്രവർത്തകനായ പയസ് മാനുസ് കോടതിയിൽ കേസ് ഫയൽ ചെയ്‌തിരുന്നു. അണ്ണാമലയുടെ പ്രസംഗത്തിൻ്റെ തെളിവായി അദ്ദേഹം വിവിധ പത്രങ്ങളും കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. അണ്ണാമലയ്‌ക്കെതിരെ കേസെടുക്കാൻ തമിഴ്‌നാട് സർക്കാർ തീരുമാനിച്ചെങ്കിലും ഇതിന് ഗവർണറുടെ അനുമതി ആവശ്യമായിരുന്നു. കേസെടുക്കാൻ ഗവർണർ ഓർഡിനൻസ് പുറപ്പെടുവിക്കണം. ഈ സാഹചര്യത്തിലാണ് ഗവർണർ ആർഎൻ രവി ഉത്തരവിന് അംഗീകാരം നൽകിയത്.