ചെന്നൈ : നീറ്റ് പരീക്ഷയിൽ നിന്ന് സംസ്ഥാനത്തെ ഒഴിവാക്കണമെന്നും പ്ലസ് ടു മാർക്കിന്‍റെ അടിസ്ഥാനത്തിൽ മെഡിക്കൽ കോഴ്‌സുകളിലേക്ക് വിദ്യാർഥികളെ പ്രവേശിപ്പിക്കാൻ അനുവദിക്കണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെട്ട് തമിഴ്‌നാട് നിയമസഭ ഐക്യകണ്‌ഠേന പ്രമേയം പാസാക്കി. ബിജെപിയുടെ എതിർപ്പും വാക്കൗട്ടും വകവയ്‌ക്കാതെയാണ് സഭ പ്രമേയം അംഗീകരിച്ചത്. ദേശീയ മെഡിക്കൽ കമ്മിഷൻ നിയമം ഭേദഗതി ചെയ്യാനും രാജ്യവ്യാപകമായി സ്‌ക്രീനിങ് ടെസ്റ്റ് നിർത്തലാക്കാനും കേന്ദ്രസർക്കാരിനോട് സഭ ആവശ്യപ്പെട്ടു.
നീറ്റ് പരീക്ഷ നിർത്തലാക്കണം. പ്ലസ് ടു മാർക്ക് യോഗ്യത മാനദണ്ഡമാക്കി മെഡിക്കൽ കോഴ്‌സുകളിലേക്ക് വിദ്യാർഥികളെ പ്രവേശിപ്പിക്കാൻ തമിഴ്‌നാടിനെ അനുവദിക്കണം. വിവിധ സംസ്ഥാനങ്ങളിലെ ക്രമക്കേടുകളും പരീക്ഷയോടുള്ള എതിർപ്പും കണക്കിലെടുത്ത് കേന്ദ്രം ദേശീയ മെഡിക്കൽ കമ്മിഷനിൽ ഉചിതമായ ഭേദഗതി വരുത്തണം. നീറ്റ് പൂർണമായും ഇല്ലാതാക്കാൻ പ്രവർത്തിക്കണം എന്നും പ്രമേയത്തിൽ ആവശ്യപ്പെടുന്നു.
മുഖ്യമന്ത്രി എംകെ സ്റ്റാലിൻ അവതരിപ്പിച്ച പ്രമേയത്തെ ബിജെപിയുടെ സഖ്യകക്ഷിയായ പിഎംകെയും പിന്തുണച്ചു. പരീക്ഷ, വിവേചനപരമാണെന്നും ഗ്രാമീണരും പാവപ്പെട്ടവരുമായ വിദ്യാർഥികൾക്ക് മെഡിക്കൽ വിദ്യാഭ്യാസം നേടാനുള്ള അവസരം നഷ്‌ടപ്പെടുത്തുന്നതും സംസ്ഥാനങ്ങൾക്ക് പ്ലസ് ടു മാർക്ക് അടിസ്ഥാനമാക്കി വിദ്യാർഥികളെ പ്രവേശിപ്പിക്കാനുള്ള അവകാശം നിഷേധിക്കുന്നതും ആണെന്ന് സ്‌റ്റാലിന്‍ പറഞ്ഞു. 2017- ൽ നീറ്റ് നിർബന്ധമാക്കിയത് മുതൽ ഡിഎംകെ തുടർച്ചയായി അതിനെ എതിർക്കുന്നുണ്ടെന്നും സ്റ്റാലിന്‍ ചൂണ്ടിക്കാട്ടി.
നീറ്റ് പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, ആർജെഡി നേതാവ് തേജസ്വി യാദവ് എന്നിവർ കേന്ദ്ര സർക്കാരിന് അയച്ച കത്തിനെ കുറിച്ചും സ്റ്റാലിൻ പരാമർശിച്ചു. അതേസമയം നീറ്റ് പരീക്ഷക്ക് പല പ്രയോജനങ്ങളുള്ളതിനാൽ അത് ആവശ്യമാണെന്ന് ബിജെപി നേതാവ് നൈനാർ നാഗേന്ദ്രൻ വാദിച്ചു.
പരീക്ഷയില്‍ വിജയിക്കുന്ന സംസ്ഥാനത്തെ സർക്കാർ സ്‌കൂൾ വിദ്യാർഥികൾക്ക് അന്നത്തെ കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദയും അന്നത്തെ മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമിയും 7.5 ശതമാനം സംവരണം ഉറപ്പാക്കിയിരുന്നു എന്നും നൈനാര്‍ നാഗേന്ദ്രന്‍ പറഞ്ഞു. കള്ളക്കുറിച്ചി മദ്യ ദുരന്തത്തിൽ സഭ തടസപ്പെടുത്തിയതിന് എല്ലാ അംഗങ്ങളെയും സസ്പെൻഡ് ചെയ്‌തതിനാൽ പ്രധാന പ്രതിപക്ഷമായ എഐഎഡിഎംകെ സഭയിൽ ഉണ്ടായിരുന്നില്ല.