ഹൈദരാബാദ്: വൈദ്യുതി ലൈൻ പൊട്ടിവീണ് മൂന്ന് പേർ മരിച്ചു. തെലങ്കാന വാറങ്കൽ ജില്ലയിലെ പർവ്വതഗിരി മണ്ഡലത്തിലെ മോത്യതണ്ടയിലാണ് സംഭവം. വീടിനു മുന്നിൽ പന്തൽ കെട്ടുന്നതിനിടെ മുകളിൽ നിന്ന് വൈദ്യുത കമ്പി മുറിഞ്ഞ് വീഴുകയായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ ഗുഗുലോത്ത് ദേവേന്ദർ (32), ഭുക്യ രവി (30), ബാനോത്തു സുനിൽ (20) എന്നിവർ വൈദ്യുതാഘാതമേറ്റ് മരിച്ചു.
മോത്യതണ്ടയില്‍ ദുർഗമ്മ ഉത്സവത്തിനായി വീടിന്‍റെ മുൻവശത്ത് പന്തലൊരുക്കവെയാണ് അപകടം. ഭുക്യ രവിയുടെ ക്ഷണപ്രകാരം ദുർഗമ്മ ഉത്സവത്തിനായിട്ടാണ് സഹോദരിയും ഭര്‍ത്താവും ജഗന്നാതപള്ളിയില്‍ എത്തിയത്. ആഘോഷങ്ങളുടെ ഭാഗമായി പന്തല്‍ ഒരുക്കുന്നതിനാണ് സുനിലും ഇവിടേക്ക് എത്തിയത്. വൈദ്യുതി ലൈന്‍ പെട്ടെന്ന് പൊട്ടിവീണതിനെ തുടര്‍ന്ന് സഹോദരിയുടെ ഭര്‍ത്താവ് ദേവേന്ദർ സംഭവസ്ഥലത്ത് തന്നെ മരിച്ചു.
രവി, സുനിൽ, ആറ് വയസുക്കാരനായ ജസ്വന്ത്, രവി ഇര്യ എന്നിവർക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് ചികിത്സയ്ക്കായി കൊണ്ടുപോകുന്നതിനിടെ രവിയും സുനിലും മരിച്ചു. പരിക്കേറ്റ ആറ് വയസുക്കാരനായ ജസ്വന്തിന്‍റെ നില ഗുരുതരമാണ്. വൈദ്യുതി കമ്പികൾ അഴിഞ്ഞുവീണിട്ടും അധികൃതർ ശ്രദ്ധിക്കാത്തതിൽ തണ്ട നിവാസികൾ പ്രതിഷേധം പ്രകടിപ്പിച്ചു.