ന്യൂഡൽഹി : യുവതിയെ കബളിപ്പിച്ച് 10.30 ലക്ഷം രൂപ തട്ടിയ കേസില്‍ മൂന്ന് പേർ അറസ്റ്റില്‍. ഡൽഹിയിൽ ആണ് സംഭവം. വിപിൻ കുമാർ (30), മോഹിത് ശർമ (27), സ്‌മർത്ത് ദബർ (23) എന്നിവരെയാണ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്.
ഏപ്രിൽ 24 ന്, ദ്വാരക സൈബർ പൊലീസ് സ്‌റ്റേഷനിൽ ലഭിച്ച പരാതിയെ തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. പരാതിക്കാരിയായ യുവതിയെ തട്ടിപ്പ് സംഘം ടെലിഗ്രാമിലൂടെ ബന്ധപ്പെട്ടിരുന്നു. പ്രതികളുടെ വാക്കുകൾ വിശ്വസിച്ച് പരാതിക്കാരി 10.30 ലക്ഷം രൂപ നിക്ഷേപിച്ചു.
പണം നിക്ഷേപിച്ചാൽ ഉയർന്ന വരുമാനം നേടാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. കബളിപ്പിക്കപ്പെട്ടെന്ന് മനസിലാക്കി പണം തിരികെ ആവശ്യപ്പെട്ടപ്പോൾ പ്രതികൾ പണം നല്‍കാന്‍ തയ്യാറായില്ലെന്ന് ദ്വാരക ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ അങ്കിത് സിങ് പറഞ്ഞു. പ്രതികൾക്കെതിരെ എഫ്ഐആർ രജിസ്‌റ്റർ ചെയ്‌തതായും അദ്ദേഹം പറഞ്ഞു.
'സാങ്കേതിക നിരീക്ഷണത്തിന്‍റെയും കോളുകളുടെയും ബാങ്ക് വിവരങ്ങളുടെയും വിശകലനത്തിന്‍റെ അടിസ്ഥാനത്തിലാണ് തിരിച്ചറിഞ്ഞ മൂന്ന് പേരെ സംഘം അറസ്‌റ്റ് ചെയ്‌തത്. ആസാദ്‌പൂർ ടെർമിനലിൽ സിം കാർഡ് വിൽപനക്കാരനായി ജോലി ചെയ്യുന്ന വിപിൻ കുമാർ ഒരു ദിവവസം കടയിൽ വച്ചാണ് മോഹിത് ശർമയേയും സ്‌മർത്ത് ദബാറിനെയും കണ്ടുമുട്ടിയതെന്ന് വെളിപ്പെടുത്തി. ഇരുവരും ഇയാളിൽ നിന്ന് നിരവധി സിം കാർഡുകൾ വാങ്ങി. ഏതാനും മാസങ്ങൾക്ക് ശേഷം ശർമയും ദബാറും കുമാറിനോട് സ്വകാര്യ ബാങ്കിൽ പുതിയ അക്കൗണ്ട് തുടങ്ങാൻ ആവശ്യപ്പെട്ടു' -പൊലീസ് പറഞ്ഞു.
അക്കൗണ്ട് തുറന്നതിന് പണം നൽകാമെന്ന് ഇവർ വാഗ്‌ദാനം ചെയ്‌തിരുന്നു. തുടർന്ന് കുമാർ തന്‍റെ ബാങ്ക് വിവരങ്ങൾ അവരുമായി പങ്കുവച്ചുവെന്നും പൊലീസ് പറഞ്ഞു. ഈ അക്കൗണ്ട് തട്ടിപ്പിനായി ഉപയോഗിക്കുകയായിരുന്നു. സംഭവത്തില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് വിവരം.