ന്യൂഡൽഹി: വേദശാലയുടെ 'ദ് ബാറ്റിൽ ഓഫ് അയോധ്യ' എന്ന ഡോക്യുമെന്‍ററി പരമ്പര ഇന്ന് യൂട്യൂബിൽ ലോഞ്ച് ചെയ്യും. വിവാദമായിരുന്ന രാമക്ഷേത്ര, ബാബറി മസ്‌ജിദ് കേസിന്‍റെ അടിസ്ഥാനത്തിലാണ് ഡോക്യുമെന്‍ററിയുടെ നിർമ്മാണം. അയോധ്യയിലെ രാമക്ഷേത്രത്തിന്‍റെ ഉദ്ഘാടനത്തിനായി രാജ്യം കാത്തിരിക്കുന്ന നിർണായക സമയത്താണ് ഈ ഡോക്യുമെന്‍ററി ലോഞ്ചിന് ഒരുങ്ങുന്നത്.
ഇന്ത്യയുടെ മതവികാരങ്ങളെ കുറിച്ചും വർഷങ്ങളോളം നീണ്ടുനിന്ന സാമുദായിക സംഘർഷങ്ങളെ കുറിച്ചുമുള്ള സുപ്രധാന അധ്യായമാണ് ഈ ഡോക്യുമെന്‍ററി. സരിത് അഗർവാൾ നിർമ്മിച്ച ഈ സീരീസ് സംവിധാനം ചെയ്‌തിരിക്കുന്നത് കുശാൽ ശ്രീവാസ്‌തവയാണ്. അന്താര ശ്രീവാസ്‌തവയാണ് ഡോക്യുമെന്‍ററിയുടെ ക്രിയേറ്റീവ് ഡയറക്‌ടർ. രാഹുൽ കപൂറാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ.
ഡോക്യുമെന്‍ററിയിൽ അയോധ്യയിലെ രാമക്ഷേത്രവും ബാബറി മസ്‌ജിദും തമ്മിലുള്ള സംഘർഷം വസ്‌തുനിഷ്‌ഠമായ രീതിയിലാണ് അവതരിപ്പിക്കുന്നത്. ഡോക്യുമെന്‍ററിയുടെ നിർമ്മാണത്തിനായി കേസിനെ പറ്റി ആഴത്തില്‍ ഗവേഷണം നടത്തുകയും, കേസിന്‍റെ വികാസം അടുത്ത് കണ്ട ആളുകളുടെ കാഴ്‌ചപ്പാടുകൾ ഉൾപ്പെടുത്തുകയും ചെയ്‌തിട്ടുണ്ട്.
മുൻ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് (അന്നത്തെ അഭിഭാഷകൻ, രാം ലല്ല വിരാജ്‌മാൻ), ബജ്‌റംഗ് ദളിന്‍റെ സ്ഥാപകനും മുൻ എംപിയുമായ വിനയ് കത്യാർ, പത്രപ്രവർത്തകനും കമന്‍റേറ്ററുമായ രാഹുൽ ശ്രീവാസ്‌തവ, അഭിഭാഷകയായ രഞ്ജന അഗ്നിഹോത്രി, മുതിര്‍ന്ന പത്രപ്രവർത്തകനായ ബ്രജേഷ് ശുക്ല, പുരാവസ്‌തു ഗവേഷകനും എഎസ്ഐയുടെ മുൻ റീജിയണൽ ഡയറക്‌ടറുമായ കെ കെ മുഹമ്മദ്, ബി ആർ മണി, ഇഖ്ബാൽ അൻസാരി, ഹാഷിം അൻസാരി, അയോധ്യയിലെ രാമക്ഷേത്രത്തിന്‍റെ മുഖ്യ പുരോഹിതൻ ആചാര്യ സത്യേന്ദ്ര ദാസ്, മഹന്ത് ദിനേന്ദ്ര ദാസ്, അഭിഭാഷകനായ ഐ ബി സിങ്, മറ്റ് സർക്കാർ ഉദ്യോഗസ്ഥർ എന്നിവരുടെ അഭിപ്രായങ്ങളാണ് ഡോക്യുമെന്‍ററിയിൽ ചേർത്തിട്ടുള്ളത്.
'ദ് ബാറ്റിൽ ഓഫ് അയോധ്യ' എന്ന ഡോക്യുമെന്‍ററിയിൽ പതിറ്റാണ്ടുകളായി തുടർന്നുകൊണ്ടിരിക്കുന്ന പോരാട്ടത്തിൽ ഉൾപ്പെട്ടിട്ടുള്ള ആളുകളുടെ നേരിട്ടുള്ള അനുഭവങ്ങൾ പ്രദർശിപ്പിക്കുന്നതിനൊപ്പം, ഈ കേസിന്‍റെ ചരിത്രത്തിലൂടെയും ആളുകളെ കൊണ്ടുപോകും. ഈ ഡോക്യുമെന്‍ററി കേസിന് പിന്നിലെ പറയാത്ത സത്യങ്ങളും അതിനെ ചുറ്റിപ്പറ്റിയുള്ള കേൾക്കാത്ത വിവരണങ്ങളിലേക്കും ആസ്വാദകരെ എത്തിക്കും.