ഹൈദരാബാദ്: തെലങ്കാനയില്‍ കൊടുംചൂട് തുടരുന്നു. രാവിലെ എട്ട് മണിയോടെ തന്നെ ചൂട് ഉച്ചസ്ഥായിലെത്തും. അഞ്ചരവരെ കത്തുന്ന വെയില്‍ തുടരും.
എട്ട് ജില്ലകളില്‍ താപനില 46 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ്. നാല്‍ഗൊണ്ട ജില്ലയിലെ അനുമുല മണ്ഡലിലുള്ള ഇബ്രാഹിംപേട്ടില്‍ റെക്കോര്‍ഡ് താപനിലയായ 46.6 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. സൂര്യപേട്ട്, ജഗിത്യാല, മന്‍ചിര്യാല, പെഡപ്പള്ളി, വാറങ്കല്‍, നാഗര്‍കുര്‍ണൂല്‍, കരിംനഗര്‍ ജില്ലകളിലും 46 ഡിഗ്രിക്ക് മുകളിലാണ് താപനില.
നിര്‍മല്‍, ഗഡ്വാള, സിരിസില്ല, യദാദ്രിസ, അസിഫബാദ്, മുളുഗു, നാരായണപേട്ട്, മെഹബൂബ് നഗര്‍, ഭൂപാലപ്പള്ളി, ഹനുമകൊണ്ട, മെഹബൂബബാദ് ജില്ലകളില്‍ താപനില 45.1നും 45.8 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലാണ്.
ചില ജില്ലകളില്‍ ഉഷ്‌ണതരംഗമുണ്ടെന്ന് കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ഒരാഴ്‌ച കൂടി താപനില തീവ്രമായി തുടരും. സാധാരണയില്‍ നിന്ന് 4.5 മുതല്‍ 6.4 ഡിഗ്രിവരെ ചൂട് കൂടാം. ഇത് ഉഷ്‌ണതരംഗമായി കണക്കാക്കാം. 19 ജില്ലകളിലെ 80 ഇടങ്ങളില്‍ കഴിഞ്ഞ ദിവസം ഉഷ്‌ണതരംഗം അനുഭവപ്പെട്ടു. നാല്‍ഗൊണ്ട, സൂര്യപേട്ട്, ഖമ്മം ജില്ലകളില്‍ കൊടും ചൂടാണ് അനുഭവപ്പെട്ടത്. സൂര്യപേട്ടിലെ പതിനേഴ് മണ്ഡലങ്ങളിലും നാല്‍ഗൊണ്ട ദില്ലയിലെ പതിനാല് മണ്ഡലങ്ങളിലും കൊടും ചൂട് ഉണ്ടായി.
ഞായറാഴ്‌ച വരെ താപനില ഇതേ കാഠിന്യത്തോടെ തുടരുമെന്നാണ് ഹൈദരാബാദ് കാലാവസ്ഥ വകുപ്പ് മേധാവി നാഗരത്‌ന അറിയിച്ചിരിക്കുന്നത്. കാലാവസ്ഥ വ്യതിയാനം മൂലം ഈ വര്‍ഷം ചൂട് കൂടിയിരിക്കുകയാണ്. സാധാരണയിലേതിനെക്കാള്‍ രണ്ട് ഡിഗ്രി വരെ വര്‍ധനയുണ്ടായിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. തിങ്കളാഴ്ച മുതല്‍ സ്ഥിതി മെച്ചപ്പെട്ടേക്കാം. ചില ജില്ലകളില്‍ ചെറിയ തോതില്‍ മഴയ്ക്കും സാധ്യതയുണ്ട്.
നാല് പേര്‍ക്ക് സൂര്യാഘാതം മൂലം ജീവന്‍ നഷ്‌ടമായി. കുമ്മാരി സഖയ്യ(55), പോര്‍ട്ടേറ്റി ശ്രീനിവാസ്(47), ഗജ്ജേല സഞ്ജീവ്(50), അല്ലേ ഗോവര്‍ദ്ധന്‍(65) എന്നിവരാണ് സൂര്യാഘാതമേറ്റ് മരിച്ചത്.
ആന്ധ്രാപ്രദേശിലും കൊടും ചൂടാണ് അനുഭവപ്പെടുന്നത്. പ്രകാശം ജില്ലയിലെ എന്‍ഡ്രാപള്ളിയില്‍ 47.1 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. ബംഗനപ്പള്ളിയില്‍ 46.7 ഡിഗ്രിയാണ് താപനില. നെല്ലൂര്‍ ജില്ലയിലെ വെപിനാപ്പിയില്‍ 46.6 ഡിഗ്രിയാണ് താപനില. പതിനാല് ജില്ലകളില്‍ താപനില 43 ഡിഗ്രി കടന്നു. 33 മണ്ഡലങ്ങളില്‍ തീവ്ര ഉഷ്‌ണതരംഗം രേഖപ്പെടുത്തി. 188 മണ്ഡലങ്ങളില്‍ ഉഷ്‌ണതരംഗം അനുഭവപ്പെടുന്നുണ്ട്.