ഹൈദരാബാദ് : പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യ സഖ്യം അധികാരത്തിൽ വന്നാൽ 30 ലക്ഷം സർക്കാർ തസ്‌തികകളിലെ ഒഴിവുകൾ നികത്തുമെന്ന് രാഹുൽ ഗാന്ധി. തെലങ്കാനയിലെ മേദക്കിൽ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് നടന്ന പൊതുയോഗത്തിനിടെയാണ് അദ്ദേഹം രാജ്യത്തെ തൊഴിലില്ലായ്‌മയെ കുറിച്ച് പറഞ്ഞത്.
മോദി കോടിക്കണക്കിന് യുവാക്കളെ തൊഴിൽരഹിതരാക്കിയതായി അദ്ദേഹം ആരോപിച്ചു. ഇന്ത്യ സഖ്യം ജയിച്ചാലുടൻ 30 ലക്ഷം സർക്കാർ ജോലികളിലെ ഒഴിവ് നികത്താനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും വിദ്യാസമ്പന്നരായ യുവാക്കൾക്ക് ഒരു ലക്ഷം രൂപയുടെ അപ്രൻ്റീസ്ഷിപ്പ് നൽകുമെന്നും രാഹുൽ പറഞ്ഞു. ഭരണഘടനയെ തകർക്കുയെന്നതാണ് ബിജെപിയുടെയും നരേന്ദ്ര മോദിയുടെയും ആർഎസ്എസിന്‍റെയും അജണ്ടയെന്നും, എന്നാൽ ഭരണഘടനയെ തകർക്കാൻ ഒരു ശക്തിക്കും കഴിയില്ലെന്നും രാഹുൽ പറഞ്ഞു.
രാജ്യത്തെ കോടിക്കണക്കിന് ആളുകളെ കോടീശ്വരന്മാരാക്കുമെന്ന് പറഞ്ഞ മോദി അദാനിയെപ്പോലുള്ളവർക്ക് വേണ്ടിയാണ് പ്രവർത്തിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അധികാരത്തിലെത്തിയ ശേഷം രാജ്യത്ത് ജാതി സെൻസസ് നടത്തുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.