ഹൈദരാബാദ് : ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡുവിനെ ചര്‍ച്ചയ്ക്ക് ക്ഷണിച്ച് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. ശനിയാഴ്‌ച ഹൈദരാബാദിലെ മഹാത്മ ജ്യോതി റാവു ഫൂലെ ഭവനിലാണ് കൂടിക്കാഴ്‌ച നിശ്ചയിച്ചിരിക്കുന്നത്. വിഭജന നിയമത്തിലെ അവശേഷിക്കുന്ന പ്രശ്‌നങ്ങള്‍ പരസ്‌പരം സംസാരിച്ച് പരിഹരിക്കാമെന്നാണ് രേവന്ത് റെഡ്ഡി ചന്ദ്രബാബു നായിഡുവിന് അയച്ച കത്തില്‍ പറയുന്നത്.
പരസ്‌പര സഹകരണത്തിന് ഈ കൂടിക്കാഴ്‌ച ഏറെ സഹായകമാകുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു. ആശയങ്ങള്‍ പരസ്‌പരം കൈമാറുന്നതിലൂടെ നമ്മുടെ ജനങ്ങളെ കൂടുതല്‍ മികച്ച രീതിയില്‍ സേവിക്കാനുമാകും. തെലങ്കാനയിലെ ജനങ്ങള്‍ക്കും തന്‍റെ സര്‍ക്കാരിനും വേണ്ടി നായിഡുവിനെ ക്ഷണിക്കാനായതില്‍ വളരെ സന്തോഷമുണ്ടെന്നും രേവന്ത് റെഡ്ഡി പറഞ്ഞു.
അടുത്തിടെ നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ചന്ദ്രബാബു നായിഡുവിന്‍റെ അസാധാരണ വിജയത്തെയും രേവന്ത് റെഡ്ഡി അഭിനന്ദിച്ചു. നാലാം വട്ടവും മുഖ്യമന്ത്രിയാകുക എന്ന അപൂര്‍വതയിലേക്കാണ് താങ്കള്‍ കടന്നിരിക്കുന്നതെന്നും രേവന്ത് റെഡ്ഡി പറഞ്ഞു. എല്ലാ ആശംസകളും അദ്ദേഹം നേര്‍ന്നു. ലോക്‌സഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്‍റെ കക്ഷി നേടിയ വിജയത്തെയും രേവന്ത് റെഡ്ഡി അഭിനന്ദിച്ചു.
കഴിഞ്ഞ ദിവസം ചന്ദ്രബാബു നായിഡു കൂടിക്കാഴ്‌ച ആവശ്യപ്പെട്ട് തെലങ്കാന മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. ഹൈദരാബാദില്‍ കൂടിക്കാഴ്‌ച ആകാമെന്നായിരുന്നു ചന്ദ്രബാബു നായിഡുവിന്‍റെ നിര്‍ദേശം. നിര്‍ദേശങ്ങള്‍ രേവന്ത് റെഡ്ഡി അംഗീകരിക്കുകയായിരുന്നു.
Also Read: സംസ്ഥാന വിഭജനം, പ്രശ്‌നങ്ങള്‍ പരിഹരിക്കണം; തെലങ്കാന മുഖ്യമന്ത്രിക്ക് കത്തയച്ച് ആന്ധ്രാമുഖ്യമന്ത്രി