ബസ്‌തി (ഉത്തർപ്രദേശ്): പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്‌ത കേസില്‍ രണ്ടുപേര്‍ പിടിയില്‍. ഛവാനി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തി രണ്ട് യുവാക്കൾ പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ ബൈക്കിൽ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്‌തതായി അതിജീവിതയുടെ കുടുംബാംഗങ്ങൾ എഫ്ഐആറിൽ രേഖപ്പെടുത്തി.
സംഭവത്തെക്കുറിച്ച് ആരോടെങ്കിലും പറഞ്ഞാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് പ്രതികൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയായിരുന്നു. പിന്നീട് പ്രതികൾ പെൺകുട്ടിയെ വീടിന് സമീപം ഉപേക്ഷിച്ച് കടന്നുകളഞ്ഞു.
പരാതിയുടെ അടിസ്ഥാനത്തില്‍ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്‌തതായി പൊലീസ് സൂപ്രണ്ട് ഒ പി സിങ് പറഞ്ഞു. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.