ശ്രീനഗർ : തെക്കൻ കശ്‌മീരിലെ ഷോപ്പിയാനിൽ ഭീകരരുടെ വെടിവയ്‌പ്പിൽ ടാക്‌സി ഡ്രൈവർക്ക് പരിക്ക്. ജില്ലയിൽ ഇന്നലെയാണ് ആക്രമണമുണ്ടായത്. ഹീർപോറ മേഖലയിൽ വച്ച് ടാക്‌സി ഡ്രൈവർക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ ഭീകരരെ പിടികൂടാനുള്ള തെരച്ചിൽ ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
വടക്കൻ കശ്രമീരിലെ കുപ്‌വാര ജില്ലയിലെ ലാൽപോറ മേഖലയിൽ വച്ച് ഫെബ്രുവരി 16 ന് തോക്കുൾപ്പെടെയുള്ള ആയുധങ്ങൾ സഹിതം ഒരു തീവ്രവാദിയെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. സംശയാസ്‌പദമായ സാഹചര്യത്തിൽ പ്രതിയെ കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാളുടെ പക്കല്‍ നിന്ന് പിസ്റ്റകളും റൗണ്ട് ബുള്ളറ്റുകളും ഗ്രനേഡുകളും കണ്ടെടുത്തതായും കുപ്‌വാരയിലെ സീനിയർ പൊലീസ് സൂപ്രണ്ട് ശോഭിത് സക്‌സേന പറഞ്ഞു.
"സംശയാസ്‌പദമായ സാഹചര്യത്തിൽ ഞങ്ങൾ ഒരാളെ പിടികൂടി. ഒരു പിസ്റ്റൾ, ഏതാനും റൗണ്ട് ബുള്ളറ്റുകൾ, കുറച്ച് ഗ്രനേഡുകൾ എന്നിവ പ്രതിയുടെ കൈവശത്തു നിന്നും കണ്ടെത്തി. കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി പ്രതി ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണുള്ളത്. ഒരു മൊബൈൽ ഫോണും കണ്ടെടുത്തു"- അദ്ദേഹം പറഞ്ഞു.
സംഭവത്തിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ ആക്‌ട് പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്‌തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്നും സക്‌സേന പറഞ്ഞു.