ന്യൂഡല്‍ഹി: സി-295 വിമാനങ്ങൾ നിർമിക്കുന്നതിനുള്ള ടാറ്റ എയർക്രാഫ്റ്റ് കോംപ്ലക്‌സ് ഇന്ത്യ-സ്പെയിൻ ബന്ധവും 'മേക്ക് ഇൻ ഇന്ത്യ, മേക്ക് ഫോർ ദ വേൾഡ്' ദൗത്യവും ശക്തിപ്പെടുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തിലെ വഡോദരയിൽ സി-295 വിമാനങ്ങൾ നിർമിക്കുന്നതിനുള്ള ടാറ്റ എയർക്രാഫ്റ്റ് കോംപ്ലക്‌സ് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്‌പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസുമായി സംയുക്തമായി ഉദ്ഘാടനം ചെയ്‌തു.
ടാറ്റ എയർക്രാഫ്റ്റ് കോംപ്ലക്‌സ് ഉദ്ഘാടനം ചെയ്‌തതിന് രത്തൻ ടാറ്റയ്‌ക്ക് ആദരാഞ്ജലി അര്‍പ്പിക്കുകയും അദ്ദേഹം സന്തുഷ്‌ടനായിരിക്കുമെന്നും മോദി പറഞ്ഞു. സി-295 എയർക്രാഫ്റ്റ് ഫാക്‌ടറി പുതിയ ഇന്ത്യയുടെ പുതിയ തൊഴിൽ സംസ്‌കാരത്തെ പ്രതിഫലിപ്പിക്കും. കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്‌ടിക്കും. വഡോദരയിൽ നിർമിക്കുന്ന മെട്രോ കോച്ചുകൾ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതുപോലെ ആഗോളതലത്തിൽ വിമാനങ്ങൾ കയറ്റുമതി ചെയ്യാനുള്ള ഒരു ഫാക്‌ടറിയായി ടാറ്റ എയർക്രാഫ്റ്റ് കോംപ്ലക്‌സ് മാറുമെന്നും മോദി വ്യക്തമാക്കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ടാറ്റ എയർക്രാഫ്റ്റ് കോംപ്ലക്‌സ് വഴി ഇന്ത്യ-സ്‌പെയിൻ ബന്ധം ശക്തിപ്പെടുത്തുമെന്നും മോദി പറഞ്ഞു. 'ഇത് എന്‍റെ സുഹൃത്ത് പെഡ്രോ സാഞ്ചസിന്‍റെ ആദ്യ ഇന്ത്യാ സന്ദർശനമാണ്. ഇന്ന് മുതൽ ഞങ്ങൾ ഇന്ത്യയ്ക്കും സ്‌പെയിനിന്‍റെ പങ്കാളിത്തത്തിനും പുതിയ ദിശാബോധം നൽകുന്നു. സി-295 വിമാനങ്ങളുടെ നിർമാണ ഫാക്‌ടറി ഞങ്ങൾ ഉദ്ഘാടനം ചെയ്യുന്നു. ഈ ഫാക്‌ടറി ഇന്ത്യ-സ്‌പെയിൻ ബന്ധത്തെ ശക്തിപ്പെടുത്തും. 'മേക്ക് ഇൻ ഇന്ത്യ, മേക്ക് ഫോർ ദ വേൾഡ്' ദൗത്യവും ദൃഢമാക്കും,' എന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.
കൂടുതല്‍ തൊഴില്‍ അവസരങ്ങളെന്ന പ്രഖ്യാപനവുമായി മോദി
പുതിയ ടാറ്റ എയർക്രാഫ്റ്റ് കോംപ്ലക്‌സിലൂടെ ആയിരക്കണക്കിന് പുതിയ തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുമെന്നും രാജ്യത്തെ ഒരു വ്യോമയാന കേന്ദ്രമാക്കി മാറ്റുന്നതിലാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ 5-6 വർഷത്തിനിടയിൽ 1000 പുതിയ പ്രതിരോധ സ്‌റ്റാർട്ടപ്പുകൾ ഇന്ത്യയിൽ വന്നിട്ടുണ്ട്. കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി 30 മടങ്ങ് വർധിച്ചു.
ഇന്ന് 100 ലധികം രാജ്യങ്ങളിലേക്ക് ഇന്ത്യ പ്രതിരോധ ഉപകരണങ്ങൾ കയറ്റുമതി ചെയ്യുന്നു. കേന്ദ്ര സര്‍ക്കാര്‍ നിലവില്‍ രാജ്യത്ത് നൈപുണ്യത്തിലും തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു, എയർബസിന്‍റെയും ടാറ്റയുടെയും പുതിയ ഫാക്‌ടറി വഴി ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്‌ടിക്കപ്പെടുമെന്നും മോദി വ്യക്തമാക്കി.
ഇന്ത്യ സ്വന്തമായി വിമാനങ്ങള്‍ നിര്‍മിക്കുന്നു, മേക്ക് ഇൻ ഇന്ത്യ ആഗോളതലത്തിലേക്കെന്ന് മോദി
കഴിഞ്ഞ ദശകത്തിൽ ഇന്ത്യയുടെ വ്യോമയാന മേഖലയിൽ അഭൂതപൂർവമായ വളർച്ചയ്ക്കും പരിവർത്തനത്തിനും എല്ലാവരും സാക്ഷ്യം വഹിച്ചുവെന്ന് മോദി പറഞ്ഞു. ഇന്ത്യയെ ഒരു വ്യോമയാന കേന്ദ്രമാക്കാൻ തങ്ങൾ ഇതിനകം തന്നെ പ്രവർത്തിക്കുന്നു. വിവിധ ഇന്ത്യൻ എയർലൈനുകൾ 1200 പുതിയ വിമാനങ്ങൾക്ക് ഓർഡർ നൽകി. ഇന്ത്യയുടെയും ലോകത്തിന്‍റെയും ഭാവി ആവശ്യങ്ങൾ നിറവേറ്റുന്നതിനായി വിമാനങ്ങളുടെ രൂപകൽപ്പനയിലും നിർമാണത്തിലും ടാറ്റയുടെ ഫാക്‌ടറി ഒരു പ്രധാന പങ്ക് വഹിക്കാൻ പോകുന്നുവെന്നും മോദി ചൂണ്ടിക്കാട്ടി.
സി-295 വിമാനങ്ങൾ നിർക്കുന്നതിനുള്ള ടാറ്റ എയർക്രാഫ്റ്റ് കോംപ്ലക്‌സിന് കീഴിൽ ആകെ 56 വിമാനങ്ങളുണ്ട്. ഇതിൽ 16 എണ്ണം സ്പെയിനിൽ നിന്ന് എയർബസ് വഴി നേരിട്ട് ഇറക്കുമതി ചെയ്‌തതാണ്. ബാക്കി 40 എണ്ണം ഇന്ത്യയിൽ നിർമിക്കും. ടാറ്റ അഡ്വാൻസ്‌ഡ് സിസ്‌റ്റംസ് ലിമിറ്റഡിനാണ് ഈ 40 വിമാനങ്ങൾ ഇന്ത്യയിൽ നിർമിക്കാനുള്ള ചുമതല. ടാറ്റയുടെ എയര്‍ക്രാഫ്‌റ്റ് ഫാക്‌ടറി ഇന്ത്യയിലെ സൈനിക വിമാനങ്ങൾക്ക് പ്രയോജനപ്പെടുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.
Read Also: സ്‌പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് ഇന്ത്യയിൽ; ഇത് ആദ്യ ഔദ്യോഗിക സന്ദർശനം