ചെന്നൈ: തമിഴ്‌നാടിന് ദീപാവലി ആശംസിച്ച് ഉപമുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിൻ. 'വിശ്വാസമുള്ളവർക്ക് ദീപാവലി ആശംസകൾ' എന്നായിരുന്നു ഉദയനിധിയുടെ ആശംസ.
'ഡിഎംകെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളിൽ ഞാൻ എന്‍റെ ആശംസകൾ അറിയിക്കുന്നു. വിശ്വസിക്കുകയും അത് ആഘോഷിക്കുകയും ചെയ്യുന്നവർക്ക് 'ദീപ ഒലി തിരുനാൾ' ആശംസകൾ.'- അദ്ദേഹം പറഞ്ഞു. ശനിയാഴ്‌ച ചെന്നൈയില്‍ നടന്ന പാർട്ടിയുടെ പ്ലാറ്റിനം ജൂബിലി ആഘോത്തില്‍ സംസാരിക്കുകയായിരുന്നു ഉദയനിധി സ്‌റ്റാലിന്‍.
ദീപ ഒലി തിരുനാൾ എന്നാല്‍ വിളക്കിന്‍റെ പ്രകാശ ദിനം എന്നാണ് അര്‍ഥമാക്കുന്നത്. ഡിഎംകെയുടെ മുന്‍ അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ എം കരുണാനിധി ഉൾപ്പെടെയുള്ള നേതാക്കൾ തങ്ങളുടെ യുക്തിവാദ വിശ്വാസങ്ങളില്‍ ഉറച്ചുനിന്നിരുന്നതിനാല്‍ ദീപാവലി ദിനത്തിൽ ആശംസ നേരുന്ന പതിവുണ്ടായിരുന്നില്ല.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അതേസമയം, ആശംസയുടെ പേരില്‍ ബിജെപി ഡിഎംകെയെ വിമര്‍ശിച്ചു. ദീപാവലി, വിനായക ചതുർത്ഥി ഉൾപ്പെടെയുള്ള ഹൈന്ദവ ആഘോഷങ്ങളിൽ ഡിഎംകെ ആളുകൾക്ക് ആശംസകൾ നേരാത്തതിലാണ് ബിജെപിയുടെ വിമര്‍ശനം.
'വിശ്വാസമില്ലാത്തവർക്ക് നരകാസുരനെപ്പോലെ ജീവിക്കാൻ ആശംസകൾ' എന്നാണ് തമിഴ്‌നാട്ടിലെ ബിജെപി നേതാവ് നാരായണൻ തിരുപ്പതി ഉദയനിധിയുടെ ആശംസയോട് പ്രതികരിച്ചത്.
ഇന്ത്യയുടെ വടക്ക് ഭാഗങ്ങളില്‍, ശ്രീരാമനും സീതാദേവിയും വനവാസം കഴിഞ്ഞ് അയോധ്യയിലേക്ക് മടങ്ങിവന്ന സന്ദര്‍ഭമാണ് ദീപാവലിയായി ആഘോഷിക്കുന്നത്. അതേസമയം തെക്കേ ഇന്ത്യന്‍ ഭാഗങ്ങളില്‍, അസുര രാജാവായ നരകാസുരനെതിരെ ശ്രീകൃഷ്‌ണനും പത്നി സത്യഭാമയും നേടിയ വിജയത്തെ അനുസ്‌മരിച്ച് കൊണ്ടാണ് ദീപാവലി ആഘോഷിക്കുന്നത്.