ന്യൂഡൽഹി: റായ്ബറേലി ലോക്‌സഭ സീറ്റിലും മത്സരിക്കുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വയനാട്ടിലെയും അമേഠിയിലെയും ജനങ്ങളെ കൈവിട്ടു എന്ന് തമിഴ്‌നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ. റായ്ബറേലിലെ ജനങ്ങൾ കോൺഗ്രസിനെ തിരസ്‌കരിക്കുമെന്നും ബിജെപി അണ്ണാമലൈ അവകാശപ്പെട്ടു. രാഹുൽ ഗാന്ധി 2004 മുതൽ 2019 വരെ അമേഠിയെ പ്രതിനിധീകരിച്ചു. കേരളത്തിലെ വയനാട്ടിൽ ഇപ്പോള്‍ സിറ്റിങ് എംപിയാണ്. സാഹചര്യം എല്ലാവർക്കും അറിയാമെന്നും അണ്ണാമലൈ എഎന്‍ഐയോട് പറഞ്ഞു.
'രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുമ്പോൾ, നിങ്ങൾ രണ്ടാമത്തെ മണ്ഡലത്തിലും മത്സരിക്കുമോ എന്ന് വയനാട്ടിലെ ജനങ്ങൾ അദ്ദേഹത്തോട് ചോദിച്ചിരുന്നു. പക്ഷേ അദ്ദേഹം ഒരിക്കലും അതിന് ഉത്തരം നല്‍കിയില്ല. വയനാട്ടുകാർ തൻ്റെ കുടുംബമാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. എപ്പോഴും അവരോടൊപ്പം ഉണ്ടായിരിക്കുമെന്നും പറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷത്തില്‍ രാഹുൽ ഗാന്ധി വയനാട് സന്ദർശിച്ചത് ഏഴ് തവണ മാത്രമാണ്. ഇത്തവണ റായ്ബറേലിയിലെ ജനങ്ങൾ കോൺഗ്രസിനെ തിരസ്‌കരിക്കും. ഇപ്പോൾ രാഹുൽ ഗാന്ധി വയനാട്ടിലെ ജനങ്ങളെ മാത്രമല്ല കൈവിട്ടത്, 2004, 2009, 2014 വർഷങ്ങളിൽ തന്നെ തെരഞ്ഞെടുത്ത അമേഠിയിലെ ജനങ്ങളെയും അദ്ദേഹം ഉപേക്ഷിച്ചു'- അണ്ണാമലൈ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇത്തവണയും വലിയ ജനവിധിയോടെ അധികാരത്തിൽ തിരിച്ചെത്തുമെന്നും അണ്ണാമലൈ പറഞ്ഞു. നമ്മുടെ രാജ്യത്തിന് വേണ്ടി ഒരു സന്യാസിയെ പോലെ അദ്ദേഹം പ്രവര്‍ത്തിച്ചു എന്നും അണ്ണാമലൈ പറഞ്ഞു.