ചെന്നൈ (തമിഴ്‌നാട്) : രാജ്യവ്യാപകമായി ജാതി സെൻസസ് ആവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പ്രമേയം അവതരിപ്പിച്ചു. ഇത്തവണത്തെ ജാതി അടിസ്ഥാനമാക്കിയുള്ള ജനസംഖ്യ കണക്കെടുപ്പിനൊപ്പം സെൻസസ് ജോലികൾ ഉടൻ ആരംഭിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രമേയം പാസാക്കി.
ഇന്ത്യയിലെ ഓരോ പൗരനും വിദ്യാഭ്യാസം, സമ്പദ്‌വ്യവസ്ഥ, തൊഴിൽ എന്നിവയിൽ തുല്യ അവകാശങ്ങളും തുല്യ അവസരങ്ങളും ഉറപ്പാക്കുന്ന നയങ്ങൾ രൂപീകരിക്കുന്നതിന് ജാതി അടിസ്ഥാനമാക്കിയുള്ള ജനസംഖ്യ സെൻസസ് അനിവാര്യമാണെന്ന് സഭ നിരീക്ഷിക്കുന്നു. 2021 മുതൽ ജാതി അടിസ്ഥാനമാക്കിയുള്ള ജനസംഖ്യ സെൻസസിനൊപ്പം നടക്കേണ്ട സെൻസസ് ജോലികൾ ഉടൻ ആരംഭിക്കണമെന്ന് സഭ ഏകകണ്‌ഠമായി കേന്ദ്രസർക്കാരിനോട് അഭ്യർഥിക്കുന്നതായി പ്രമേയത്തിൽ പരാമർശിക്കുന്നുണ്ട്.
നേരത്തെ, തമിഴ്‌നാട് പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസ്വാമിയേയും നിരവധി അഖിലേന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം (എഐഎഡിഎംകെ) എംഎൽഎമാരെയും നിയമസഭ സമ്മേളനത്തിൽ നിന്നും സസ്പെൻഡ് ചെയ്‌തിരുന്നു. കള്ളക്കുറിച്ചി വ്യാജ മദ്യ ദുരന്തത്തിൽ ഡിഎംകെ സർക്കാരിനെതിരെ എഐഎഡിഎംകെ എംഎൽഎമാർ മുദ്രാവാക്യം വിളിക്കുകയും മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍റെ രാജി ആവശ്യപ്പെടുകയും ചെയ്‌തതിനെ തുടർന്നായിരുന്നു സസ്‌പെൻഷൻ.
സഭാനടപടികൾ തടസപ്പെടുത്തിയതിനായിരുന്നു നടപടി. നിയമസഭയിൽ നിന്ന് സസ്‌പെൻഡ് ചെയ്‌ത അംഗങ്ങളുടെ അഭാവത്തിലാണ് പ്രമേയം പാസായത്. സഭ അംഗീകരിച്ച പ്രമേയത്തെ ബിജെപി ഉൾപ്പെടെയുള്ള വിവിധ രാഷ്‌ട്രീയ പാർട്ടികളിലെ നിയമസഭാംഗങ്ങൾ പിന്തുണച്ചു.