ന്യൂഡൽഹി : ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ ഇന്ന് (05-06-2024) വൈകിട്ട് നടക്കാനിരിക്കുന്ന ഇന്ത്യ സഖ്യത്തിന്‍റെ യോഗത്തിന് വേണ്ടി തമിഴ്‌നാട് മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എംകെ സ്റ്റാലിൻ ഡൽഹിയിലേക്ക് പുറപ്പെട്ടു. തമിഴ്‌നാട്ടിൽ 22 സീറ്റുകളാണ് സ്റ്റാലിന്‍റെ ഡിഎംകെ നേടിയത്. ഇന്ത്യ സഖ്യത്തിന്‍റെ പ്രകടനത്തെ ചരിത്രപരമെന്നാണ് തെരഞ്ഞെടുപ്പിന് ശേഷം സ്റ്റാലിൻ വിശേഷിപ്പിച്ചത്.
തമിഴ്‌നാട്ടില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈക്ക് അടക്കം കനത്ത തോല്‍വിയാണ് ഏറ്റുവാങ്ങേണ്ടി വന്നത്. ഡിഎംകെ സ്ഥാനാർഥിയും കോയമ്പത്തൂരിന്‍റെ മുൻമേയറുമായ ഗണപതി പി രാജ്‌കുമാർ 81,675 വോട്ടിന്‍റെ വൻ ഭൂരിപക്ഷത്തിനാണ് അണ്ണാമലൈയെ തോല്‍പ്പിച്ചത്.
'ബിജെപിയുടെ എല്ലാ സാമ്പത്തിക ശക്തിയും അധികാര ദുർവിനിയോഗവും മാധ്യമ ലോബിയിങ്ങുമെല്ലാം തകർത്ത് ഇന്ത്യ സഖ്യം നേടിയ വിജയം ചരിത്രപരമാണ്'- സ്‌റ്റാലിന്‍ പറഞ്ഞു. ഭാവി തന്ത്രങ്ങൾ രൂപപെടുത്തുന്നതിന് എൻഡിഎയും ഇന്ന് യോഗം ചേരുന്നുണ്ട്. കേന്ദ്ര മന്ത്രിസഭ ഇന്ന് രാവിലെ 11.30 ന് ഡൽഹിയിൽ യോഗം ചേർന്നേക്കും.
ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു തുടങ്ങിയ പ്രമുഖ നേതാക്കൾ എൻഡിഎ യോഗത്തിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യ സഖ്യത്തിന്‍റെ യോഗം വൈകിട്ട് ആറിന് ആണ് നടക്കുക. 2024 ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ പൂര്‍ത്തിയായപ്പോള്‍ ബിജെപി 240 സീറ്റുകളാണ് നേടിയത്. 2019 ല്‍ 303 സീറ്റുകള്‍ വാരിക്കൂട്ടിയ ഏറ്റവും വലിയ ഒറ്റ കക്ഷിയായിരുന്നു ബിജെപി.
കോൺഗ്രസാകട്ടെ, 99 സീറ്റുകൾ നേടി പാര്‍ട്ടിയുടെ വളർച്ച അടയാളപ്പെടുത്തി. എല്ലാ പ്രവചനങ്ങളെയും കാറ്റിൽ പറത്തി കടുത്ത മത്സരം കാഴ്‌ചവച്ചുകൊണ്ടാണ് ഇന്ത്യ സഖ്യം 230 സീറ്റ് കടന്നത്. ഇത്തവണ ബിജെപിക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ സഖ്യത്തിലെ മറ്റ് പാർട്ടികളുടെ പിന്തുണ കൂടെ ആശ്രയിക്കേണ്ടി വരും. ജെഡിയു തലവൻ നിതീഷ് കുമാറുമായും ടിഡിപി തലവൻ ചന്ദ്രബാബു നായിഡുവുമായും ചര്‍ച്ചകള്‍ നടക്കുകയാണ്.
Also Read : ജനങ്ങള്‍ ഭരണഘടനയേയും ജനാധിപത്യത്തെയും സംരക്ഷിച്ചു; രാഹുല്‍ ഗാന്ധി - RAHUL GANDHI ABOUT ELECTION RESULT