ചെന്നൈ (തമിഴ്‌നാട്): ഡൽഹിയിൽ 2000 കോടി രൂപയിലേറെ വിലമതിക്കുന്ന മയക്കുമരുന്ന് കടത്ത് പിടികൂടിയ കേസിന്‍റെ ഭാഗമായുള്ള അന്വേഷണത്തിന് ഹാജരാവാൻ തമിഴ് നടനും സംവിധായകനുമായ അമീറിന് സമന്‍സ് അയച്ച് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ. കേസില്‍ തമിഴ് ചലച്ചിത്ര നിർമാതാവ് ജാഫർ സാദിഖിനെ അറസ്‌റ്റ് ചെയ്‌ത സാഹചര്യത്തിലാണ് അമീറിനും സമൻസ് അയച്ചത്.
അന്വേഷണത്തെ നേരിടാൻ എപ്പോഴും തയ്യാറാണെന്നാണ് അമീർ വിശദീകരണം പ്രതികരിച്ചിട്ടുണ്ട്. തന്‍റെ ഭാഗത്ത് സത്യവും നീതിയുമുണ്ടെന്നും, ഒരു മടിയും കൂടാതെ ഈ അന്വേഷണത്തെ താൻ നേരിടുമെന്നും അദ്ദേഹം പറഞ്ഞു. ദൈവം അനുഗ്രഹിച്ച് എന്‍റെ നിരപരാധിത്വം തെളിഞാൽ വീണ്ടും തിരിച്ച് വരുമെന്നും അമീർ കുറിച്ചു.
ഈ കേസിൽ ഇതുവരെ അഞ്ചുപേരെ അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്. കേസിൽ എൻസിബി ഉദ്യോഗസ്ഥർ വിശദമായ അന്വേഷണം നടത്തി വരികയാണ്. ജാഫർ സാദിഖ് ഉൾപ്പെടെയുള്ളവര്‍ മയക്കുമരുന്ന് കടത്തിലൂടെ കോടിക്കണക്കിന് രൂപ സമ്പാദിച്ചതായും ആ പണം സിനിമ നിർമാണ മേഖല ഉൾപ്പെടെ വിവിധ വ്യവസായ മേഖലകളിൽ നിക്ഷേപിച്ചതായും കണ്ടെത്തിയിട്ടുണ്ട്. മയക്കുമരുന്ന് കടത്തിലൂടെ ലഭിച്ച പണം ഇയാൾ മറ്റാർക്കെങ്കിലും നൽകിയിട്ടുണ്ടോ എന്നും എൻസിബി, ഇഡി ഉദ്യോഗസ്ഥർ അന്വേഷിക്കുന്നുണ്ട്.
ജാഫർ സാദിഖുമായി ബന്ധപ്പെട്ട സിനിമാ മേഖലയിലുള്ളവരെ ചോദ്യം ചെയ്യാൻ തീരുമാനിച്ചത് പ്രകാരമാണ് കേന്ദ്ര നാർക്കോട്ടിക് കൺട്രോൾ യൂണിറ്റ് ഉദ്യോഗസ്ഥർ നടനും സംവിധായകനുമായ ആമിറിന് സമൻസ് അയച്ചത്. സമൻസ് ലഭിച്ച് രണ്ട് ദിവസത്തിനകം ഡൽഹിയിലെ സെൻട്രൽ നാർക്കോട്ടിക് കൺട്രോൾ യൂണിറ്റിന്‍റെ ഓഫീസിൽ ഹാജരായി വിശദീകരണം നൽകണമെന്ന് നോട്ടീസില്‍ നിര്‍ദ്ദേശിക്കുന്നു. മൗനം പേസിയാതെ, പരുത്തി വീരൻ , വെട്രിമാരന്‍റെ വടചെന്നൈ തുടങ്ങിയ സിനിമകളിൽ അമീർ അഭിനയിച്ചിട്ടുണ്ട്.