ന്യൂഡൽഹി : സിവില്‍ സര്‍വീസ് കോച്ചിങ് സെന്‍ററിലെ ബേസ്‌മെൻ്റിൽ വെള്ളം കയറി മലയാളി ഉൾപ്പെടെ മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി. കേന്ദ്രസർക്കാരിനോടും ഡൽഹി സർക്കാരിനോടും സുപ്രീം കോടതി പ്രതികരണം തേടി. ഡൽഹിയിൽ അടുത്തിടെ നടന്ന ഈ സംഭവം എല്ലാവരുടെയും കണ്ണ് തുറപ്പിക്കുന്നതാണെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
'കോച്ചിങ് സെൻ്ററുകൾ ഇപ്പോൾ മരണമുറികളായി മാറിയിരിക്കുന്നു. സുരക്ഷ മാനദണ്ഡങ്ങളും അടിസ്ഥാന മാനദണ്ഡങ്ങളും പൂർണമായും പാലിച്ചില്ലെങ്കിൽ കോച്ചിങ് സെൻ്ററുകൾ ഓൺലൈനായി പ്രവർത്തിച്ചാൽ മതിയാകും. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന ഉദ്യോഗാർഥികളുടെ ജീവിതം കൊണ്ടാണ് കോച്ചിങ് സെൻ്ററുകൾ കളിക്കുന്നത്' -ബെഞ്ച് പറഞ്ഞു.
കഴിഞ്ഞ വെളളിയാഴ്‌ച (ഓഗസ്റ്റ് 02) സിബിഐയ്‌ക്ക് ഡൽഹി ഹൈക്കോടതി കേസ് കൈമാറിയിരുന്നു. എറണാകുളം സ്വദേശിയായ നെവിൻ ഡെൽവിൻ (24), ഉത്തർപ്രദേശ് സ്വദേശിനി ശ്രേയ യാദവ് (25), തെലങ്കാനയിൽ നിന്നുള്ള താനിയ സോണി (25) എന്നിവരാണ് കഴിഞ്ഞ ജൂലൈ 27 ന് മരിച്ചത്.
Also Read: സിവില്‍ സര്‍വീസ് കോച്ചിങ് സെന്‍ററില്‍ വെള്ളം കയറി; മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു