ന്യൂഡൽഹി: രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ കാണുന്ന 'ബുള്‍ഡോസര്‍ നടപടി'യെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് സുപ്രീം കോടതി. ഒരു ക്രിമിനൽ കേസിലെ പ്രതിയുടേതായത് കൊണ്ട് മാത്രം എങ്ങനെ ഒരു വീട് പൊളിച്ചുമാറ്റുമെന്ന് സുപ്രീംകോടതി ചോദിച്ചു. സ്വത്തുക്കൾ പൊളിച്ചുനീക്കുന്നതിന് ദേശീയ അടിസ്ഥാനത്തിൽ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
കുറ്റകൃത്യങ്ങളിൽ പ്രതികളായവരുടെ സ്വത്തുക്കൾ തകർത്തുവെന്ന പരാതിയിൽ ജസ്റ്റിസുമാരായ ബി ആർ ഗവായ്, കെ വി വിശ്വനാഥൻ എന്നിവരടങ്ങുന്ന ബഞ്ച് വാദം കേൾക്കുകയായിരുന്നു. സന്മാര്‍ഗിയായ ഒരു പിതാവിന് ദുര്‍മാര്‍ഗിയായ ഒരു മകനുണ്ടാകാം, തിരിച്ചും സംഭവിക്കാം. എന്നാല്‍ ഇരുവരുടെയും കര്‍മഫലങ്ങൾ പരസ്‌പരം അനുഭവിക്കാന്‍ പാടില്ലെന്ന് കോടതി പറഞ്ഞു.
കുറ്റവാളിയാണെങ്കില്‍ കൂടിയും നിയമം അനുശാസിക്കുന്ന നടപടിക്രമങ്ങൾ പാലിക്കാതെ സ്ഥാവര സ്വത്തുക്കള്‍ പൊളിക്കാൻ കഴിയില്ലെന്ന് ജസ്റ്റിസ് ഗവായ് വ്യക്തമാക്കി. കോടതിയില്‍ ഉന്നയിക്കപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ദേശീയ അടിസ്ഥാനത്തിൽ ചില മാർഗ നിർദേശങ്ങൾ സ്ഥാപിക്കാൻ നിർദേശിക്കുന്നുവെന്ന് സുപ്രീം കോടതി പറഞ്ഞു. വിഷയത്തിൽ ഉൾപ്പെട്ട കക്ഷികളോട് അവരുടെ നിർദേശങ്ങൾ സമർപ്പിക്കാനും കോടതി ആവശ്യപ്പെട്ടു.
എല്ലാ മുനിസിപ്പൽ നിയമങ്ങളിലും അനധികൃത നിർമ്മാണം പൊളിക്കുന്നതിനുള്ള വ്യവസ്ഥയുണ്ടെന്ന് ജസ്റ്റിസ് വിശ്വനാഥൻ ചൂണ്ടിക്കാട്ടി. പൊതു റോഡുകളിലെ അനധികൃത കെട്ടിടങ്ങള്‍, അത് ക്ഷേത്രങ്ങൾ ആയാല്‍ പോലും സംരക്ഷിക്കില്ലെന്ന് ജസ്റ്റിസ് ഗവായ് പറഞ്ഞു.
അതേസമയം, പ്രതി ക്രിമിനൽ കുറ്റത്തിൽ ഉൾപ്പെട്ടതിനാൽ മാത്രം സ്ഥാവര വസ്‌തുക്കളൊന്നും പൊളിക്കാനാവില്ലെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയില്‍ പറഞ്ഞു. നടപ്പാതയിലെ നിർമാണം പോലെ നിയമവിരുദ്ധമായ കെട്ടിടം, മുനിസിപ്പൽ നിയമങ്ങൾ ലംഘിച്ച കെട്ടിടങ്ങള്‍ എന്നിവയ്ക്കെതിരെ മാത്രമേ നടപടിയുണ്ടാകൂ എന്നും മേത്ത പറഞ്ഞു. കുറ്റാരോപിതന്‍റെയോ കുറ്റവാളിയുടെയോ സ്വത്ത് പൊളിക്കാൻ കഴിയില്ലെന്നും അതിന് കൃത്യമായ നടപടിക്രമങ്ങൾ പാലിക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
ഇത്തരത്തിൽ പൊളിക്കുന്നത് ഒഴിവാക്കാൻ എന്തുകൊണ്ട് നിർദേശങ്ങൾ പാസാക്കുന്നില്ലെന്ന് ജസ്റ്റിസ് വിശ്വനാഥൻ ചോദിച്ചു. ആദ്യം നോട്ടിസ് നൽകാമെന്നും മറുപടി നൽകാൻ സമയം അനുവദിക്കാമെന്നും അദ്ദേഹം അറിയിച്ചു. സെപ്‌തംബർ 17ന് കേസിൽ കൂടുതൽ വാദം കേൾക്കും.
Also Read : വഖഫ് ഭൂമി കൈയ്യേറ്റക്കേസ്: പ്രയാഗ്‌രാജിൽ മാഫിയ അതിഖിന്‍റെ സഹോദരന്‍റെ ഭാര്യയുടെ വീട്ടിൽ ബുൾഡോസർ പ്രയോഗം