ന്യൂഡൽഹി: സ്വകാര്യ വ്യക്തികളുടെ സ്വത്തുക്കൾ ഏറ്റെടുക്കുമ്പോള്‍ നടപടിക്രമങ്ങൾ ശരിയായി പാലിച്ചില്ലെങ്കിൽ നടപടി ഭരണഘടനാ വിരുദ്ധമാകുമെന്ന് സുപ്രീം കോടതി. ജസ്റ്റിസുമാരായ പമിഡിഘണ്ടം ശ്രീ നരസിംഹ, അരവിന്ദ് കുമാർ എന്നിവരുടെ ബെഞ്ചാണ് കൽക്കട്ട ഹൈക്കോടതി വിധി ശരിവെച്ചുകൊണ്ട് വിധി പുറപ്പെടുവിച്ചത്. കൃത്യമായ നടപടിക്രമങ്ങൾ പാലിക്കാതെ ഭൂമി ഏറ്റെടുക്കുന്നത് നിയമ വിരുദ്ധമാണെന്നും ഭൂമി ഏറ്റെടുക്കുന്നത് ഏഴ് നടപടിക്രമങ്ങള്‍ ഉണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി.
കൊൽക്കത്ത മുനിസിപ്പൽ കോർപ്പറേഷന് സെക്ഷൻ 536, 537 പ്രകാരം വസ്‌തു ഏറ്റെടുക്കൽ നടപടികൾ അഞ്ച് മാസത്തിനകം ആരംഭിക്കണമെന്നോ, അല്ലാത്തപക്ഷം ഭൂമി ഉടമയ്ക്ക് തിരിച്ച് നല്‍കണം എന്നുമായിരുന്നു കൽക്കട്ട ഹൈക്കോടതിയുടെ വിധി. എന്നാല്‍ 1980-ലെ കൊൽക്കത്ത മുനിസിപ്പൽ കോർപ്പറേഷൻ ആക്‌ടിലെ സെക്ഷൻ 352 പ്രകാരമുള്ള അധികാരം വിനിയോഗിച്ചാണ് സ്വത്ത് ഏറ്റെടുത്തത് എന്ന് കാട്ടി കൊൽക്കത്ത മുനിസിപ്പൽ കോർപ്പറേഷൻ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
'പൊതു ആവശ്യത്തിനായി ഒരു സ്ഥലം ഏറ്റെടുക്കണമോ എന്ന് തീരുമാനിക്കാൻ മുനിസിപ്പൽ കമ്മീഷണറെ പ്രാപ്‌തമാക്കുക മാത്രമാണ് വകുപ്പ് 352 ചെയ്യുന്നത്. ഭൂമി ഏറ്റെടുക്കാനുള്ള അധികാരം 537 വകുപ്പ് പ്രകാരം സംസ്ഥാനത്തില്‍ നിക്ഷിപ്‌തമാണ്. നിർബന്ധിത ഏറ്റെടുക്കലിന് നഷ്‌ട പരിഹാരത്തിനുള്ള വ്യവസ്ഥയല്ല സെക്ഷൻ 363 എന്ന ഹൈക്കോടതിയുടെ തീരുമാനവും ഞങ്ങൾ അംഗീകരിക്കുന്നു'-സുപ്രീം കോടതി പറഞ്ഞു.
ഒരു വ്യക്തിയുടെ സ്വത്ത് ഏറ്റെടുക്കുന്നതിന് മുമ്പ് ആവശ്യമായ നടപടിക്രമങ്ങളുടെ കുറിപ്പടി നിയമ അധികാരത്തിന്‍റെ അവിഭാജ്യ ഘടകമാണെന്ന് കോടതി പറഞ്ഞു. 'മേൽപ്പറഞ്ഞ വിശകലനത്തിൽ, റിട്ട് പെറ്റീഷൻ അനുവദിക്കുന്നതിലും കോർപ്പറേഷൻ നിയമത്തിലെ സെക്ഷൻ 352 പ്രകാരം ഭൂമി ഏറ്റെടുക്കുന്ന കേസ് തള്ളുന്നതിലും ഹൈക്കോടതി എടുത്ത നിലപാട് പൂർണ്ണമായി ന്യായീകരിക്കപ്പെടുന്നു എന്നും സുപ്രീം കോടതി വ്യക്‌തമാക്കി.
2019 ഡിസംബർ 17-ലെ കൽക്കട്ട ഹൈക്കോടതിയുടെ വിധിക്കെതിരെ കൊൽക്കത്ത മുനിസിപ്പൽ കോർപ്പറേഷന്‍റെ ഹർജി തള്ളിക്കൊണ്ട്, ഭൂവുടമയ്ക്ക് അറുപത് ദിവസത്തിനുള്ളില്‍ 5,00,000 രൂപ നൽകണമെന്നും സുപ്രീം കോടതി വിധിച്ചു. നോട്ടീസിനുള്ള അവകാശം ഉൾപ്പെടെ വിവിധ മാർഗ നിർദേശങ്ങളെ പറ്റിയും കോടതി വിശദീകരിച്ചു. കേൾക്കാനുള്ള അവകാശം, യുക്തിസഹമായ തീരുമാനത്തിനുള്ള അവകാശം, പൊതു ആവശ്യത്തിനായി മാത്രം നേടിയെടുക്കാനുള്ള കടമ, നഷ്‌ടപരിഹാരത്തിനുള്ള അവകാശം എന്നിവയും ഉള്‍പ്പെടുമെന്ന് കോടതി വ്യക്തമാക്കി.