ന്യൂഡൽഹി: 2024 ലോക്‌സഭ തെരഞ്ഞെടുപ്പിലെ ആധികാരിക വോട്ടിങ് രേഖകൾ ഉടൻ വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ തെരഞ്ഞെടുപ്പ് കമ്മീഷന് നിർദ്ദേശം പുറപ്പെടുവിക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. വേനലവധിക്ക് ശേഷം കേസിൽ കൂടുതൽ വാദം കേൾക്കാമെന്നും സുപ്രീം കോടതി അറിയിച്ചു.
ആദ്യ രണ്ട് ഘട്ടങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നതിൽ കാലതാമസം നേരിടുന്ന പശ്ചാത്തലത്തിലാണ് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ) സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. എല്ലാ പോളിങ് സ്റ്റേഷനുകളിലെയും വോട്ടർമാരുടെ അന്തിമ ആധികാരിക ഡാറ്റ വെളിപ്പെടുത്തണമെന്നായിരുന്നു ഹര്‍ജി. പോൾ ചെയ്‌ത വോട്ടുകളുടെ എണ്ണം, പോൾ ചെയ്‌ത വോട്ടുകളുടെ രേഖയായ ഫോം 17 സി എന്നിവ പോളിങ് കഴിഞ്ഞ് 48 മണിക്കൂറിനുള്ളിൽ വെളിപ്പെടുത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് നിർദ്ദേശിക്കണം എന്നും ഹര്‍ജിയില്‍ പറയുന്നു.
എൻജിഒയുടെ അപേക്ഷ പരിഗണിക്കാൻ കോടതി താൽപ്പര്യപ്പെടുന്നില്ലെന്ന് ജസ്റ്റിസുമാരായ ദീപങ്കർ ദത്തയും സതീഷ് ചന്ദ്ര ശർമയും ഉൾപ്പെട്ട ബെഞ്ച് മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെയെ അറിയിക്കുകയായിരുന്നു.
മുതിർന്ന അഭിഭാഷകൻ മനീന്ദർ സിങ്ങാണ് തെരഞ്ഞെടുപ്പ് കമ്മീഷന് വേണ്ടി ഹാജരായത്. ഫോം 17 സിയുടെ (പോൾ ചെയ്‌ത വോട്ടുകളുടെ റെക്കോർഡ്) വെളിപ്പെടുത്തൽ തെരഞ്ഞെടുപ്പിനെ കുറിച്ച് ആശയക്കുഴപ്പത്തിനിടയാക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നു.
Also Read : ഫോട്ടോകളല്ല ദാമ്പത്യത്തിലെ സന്തോഷത്തിന്‍റെ അളവുകോൽ : കർണാടക ഹൈക്കോടതി - Karnataka HC On Marital Happiness