ന്യൂഡൽഹി: ഇണകൾ തമ്മിലുള്ള നിസാര പ്രകോപനങ്ങളും വഴക്കുകളും ക്രൂരതയായി കണക്കാക്കരുതെന്ന് സുപ്രീം കോടതി. ദൈനം ദിന ദാമ്പത്യ ജീവിതത്തിൽ ഇവ സാധാരണമാണെന്നും സുപ്രീം കോടതി പറഞ്ഞു. സഹിഷ്‌ണുത, പരസ്‌പര ബഹുമാനം എന്നിവയാണ് നല്ല ദാമ്പത്യത്തിന്‍റെ അടിസ്ഥാനമെന്നും ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ച് പറഞ്ഞു.
തെറ്റുകളോടുള്ള സഹിഷ്‌ണുത എല്ലാ ദാമ്പത്യത്തിലും ഒരു പരിധി വരെ അന്തർലീനമായിരിക്കണമെന്നും ബെഞ്ച് പറഞ്ഞു. ഭർത്താവിനെതിരെ യുവതി നൽകിയ സ്‌ത്രീധന പീഡനക്കേസ് റദ്ദാക്കിക്കൊണ്ടാണ് സുപ്രീം കോടതിയുടെ പരാമര്‍ശം.
കോടതികളുടെ സാങ്കേതികവും അതിസൂക്ഷ്‌മവുമായ സമീപനം വിവാഹം എന്ന സമ്പ്രദായത്തിന് തന്നെ വിനാശകരമാണെന്ന് പറഞ്ഞ ജസ്‌റ്റിസ് പർദിവാല, വിവാഹ തർക്കങ്ങളിൽ കഷ്‌ടപ്പെടുന്നത് കുട്ടികളാണെന്നും വ്യക്തമാക്കി.
ഭാര്യയോട് ചെയ്യുന്ന ഉപദ്രവം മോശമായ പെരുമാറ്റം എന്നീ പരാതികളില്‍ എല്ലാ സാഹചര്യങ്ങളിലും IPC 498A വകുപ്പ് യാന്ത്രികമായി പ്രയോഗിക്കാൻ കഴിയില്ലെന്നും കോടതി പറഞ്ഞു. സ്‌ത്രീധന പീഡനത്തിന് ക്രമിനല്‍ കേസ് റദ്ദാക്കണമെന്ന ഭർത്താവിന്‍റെ ഹർജി തള്ളിയ പഞ്ചാബ്, ഹരിയാന ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. ഭർത്താവും കുടുംബാംഗങ്ങളും സ്‌ത്രീധനം ആവശ്യപ്പെട്ട് മാനസികമായും ശാരീരികമായും പീഡിപ്പിച്ചു എന്നായിരുന്നു ഭാര്യയുടെ പരാതി. വിവാഹത്തിന് ശേശം ഭാര്യ, മരുമകള്‍ എന്ന നിലയിലുള്ള ചുമതലകൾ നിറവേറ്റുന്നതിൽ താന്‍ പരാജയപ്പെട്ടു എന്ന് പറഞ്ഞ് പീഡിപ്പിച്ചതായും യുവതി പരാതിയില്‍ പറഞ്ഞു.
എഫ്ഐആറിലും കുറ്റപത്രത്തിലും സ്‌ത്രീ ഉന്നയിക്കുന്ന ആരോപണങ്ങൾ തികച്ചും അവ്യക്തമാണെന്ന് കോടതി കണ്ടെത്തി. ക്രിമിനൽ പെരുമാറ്റത്തിന്‍റെ സ്വഭാവങ്ങളൊന്നും ഇതില്‍ ഇല്ല എന്നും കോടതി നിരീക്ഷിച്ചു. പ്രതിയുടെ ഭാര്യ സമർപ്പിച്ച എഫ്ഐആർ, വിവാഹമോചന ഹർജിക്ക് എതിരായി നല്‍കിയ ആരോപണം മാത്രമാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.
തെറ്റായതോ അതിശയോക്തിപരമോ ആയ പരാതികൾ നൽകുന്നത് ഒഴിവാക്കാൻ ഭാരതീയ ന്യായ സൻഹിതയിലെ സെക്ഷൻ 85, 86 എന്നിവയിൽ മാറ്റങ്ങൾ കൊണ്ടുവരുന്നത് പരിഗണിക്കണമെന്ന് സുപ്രീം കോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.
ഒരു സ്‌ത്രീയോട് ക്രൂരത കാട്ടുന്ന ഭർത്താവിനോ ഭർത്താവിന്‍റെ ബന്ധുക്കള്‍ക്കോ മൂന്ന് വർഷം വരെ നീണ്ടുനിൽക്കുന്ന തടവ് ശിക്ഷ നിഷ്‌കര്‍ഷിക്കുന്ന വകുപ്പാണ് ഭാരതീയ ന്യായ സൻഹിതയുടെ 85-ാം വകുപ്പ്. 'ക്രൂരത' എന്നതിനെ, സ്‌ത്രീയോട് കാണിക്കുന്ന മാനസികവും ശാരീരികവുമായ ഉപദ്രവങ്ങൾ എന്ന് നിര്‍വചിക്കുന്നതാണ് സെക്ഷൻ 86.