ന്യൂഡൽഹി : ദൃശ്യമാധ്യമങ്ങളിലും സിനിമകളിലും ഭിന്നശേഷിയുള്ളവരെ അവഹേളിക്കുന്ന തരത്തിൽ ചിത്രീകരിക്കുന്നതിനെതിരെ സുപ്രീം കോടതി. ഇത്തരം ഉള്ളടക്കങ്ങള്‍ക്ക് സുപ്രീം കോടതി മാർഗ നിർദേശങ്ങള്‍ പുറത്തിറക്കി. പ്രദർശനം അനുവദിക്കുന്നതിന് മുമ്പ് ഫിലിം സർട്ടിഫിക്കേഷൻ ബോഡി ഇത്തരം കാര്യങ്ങളില്‍ വിദഗ്‌ധരുടെ അഭിപ്രായം തേടണമെന്ന് ബെഞ്ച് നിര്‍ദേശിച്ചു.
'ആംഖ് മിച്ചോലി' എന്ന ഹിന്ദി സിനിമയിൽ ഭിന്നശേഷിക്കാരെ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങളുണ്ടെന്ന് കാണിച്ച് നിപുൺ മൽഹോത്ര എന്ന വ്യക്തി സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതിയുടെ വിധി.
'മുടന്തൻ', 'മന്ദബുദ്ധി' തുടങ്ങിയ പദങ്ങള്‍ ഉപയോഗിക്കുന്നത് തെറ്റായ ധാരണകൾ സൃഷ്‌ടിക്കുന്നുണ്ടെന്ന് സമൂഹം തിരിച്ചറിഞ്ഞ് തുടങ്ങിയെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്‍റെ നേതൃത്വത്തിലുള്ള ബെഞ്ച് പറഞ്ഞു. ഭിന്നശേഷിക്കാരുടെ കുറവുകളെ മാത്രം ചിത്രീകരിക്കാതെ അവരുടെ വൈവിധ്യമാർന്ന കഴിവുകളും വിജയങ്ങളും ഉള്‍പ്പെടുത്തി യാഥാർത്ഥ്യങ്ങൾ ചിത്രീകരിക്കാൻ ദൃശ്യമാധ്യമങ്ങൾ ശ്രമിക്കണമെന്ന് ബെഞ്ച് പറഞ്ഞു.
പ്രാകൃത സാമൂഹ്യ മൂല്യത്തിന്‍റെ അടിസ്ഥാനത്തിൽ, അവരെ വികലാംഗരായി അവതരിപ്പിച്ച് അവഹേളിക്കരുതെന്നും ചീഫ് ജസ്റ്റിസ് നിഷ്‌കര്‍ഷിച്ചു. വാക്കുകളിലൂടെ വിവേചനം വളർത്തിയെടുക്കുന്നതിനെതിരെയും ഭിന്നശേഷിക്കാരെക്കുറിച്ചുള്ള സാമൂഹിക ധാരണകളിലും പോസിറ്റീവായ മാറ്റം ഉണ്ടായി തുടങ്ങിയെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.