ന്യൂഡൽഹി : സുപ്രിംകോടതി ജഡ്‌ജിമാരുടെ നീണ്ട അവധിയെ വിമർശിക്കുന്ന ആളുകൾക്ക് ജഡ്‌ജിമാര്‍ ആഴ്‌ച മുഴുവൻ ജോലി ചെയ്യുന്ന കാര്യം അറിയില്ലെന്ന് സുപ്രീം കോടതി. ജസ്‌റ്റിസ് ബിആർ ഗവായ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചിന്‍റേതാണ് പരാമര്‍ശം.
സംസ്ഥാന സർക്കാരിന്‍റെ അനുമതിയില്ലാതെയാണ് സിബിഐ അന്വേഷണം നടക്കുന്നതും എഫ്ഐആർ ഫയൽ ചെയ്യുന്നതെന്നും എന്ന് ചൂണ്ടിക്കാട്ടി പശ്ചിമ ബംഗാൾ സർക്കാർ സമർപ്പിച്ച ഒരു കേസ് പരിഗണിക്കുകയായിരുന്നു കോടതി. സിബിഐ അന്വേഷണത്തിനുള്ള പൊതുസമ്മതം സംസ്ഥാനം പിൻവലിച്ചിരുന്നു.
ഉച്ചഭക്ഷണത്തിന് ശേഷമുള്ള സെഷനിൽ, കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത തനിക്ക് ഭരണഘടനാ ബെഞ്ചിൽ ഹാജരാകണമെന്ന് ബെഞ്ചിനെ അറിയിച്ചതിനാൽ കേസ് മാറ്റിവെക്കുകയായിരുന്നു. കേസ് വ്യാഴാഴ്‌ച പരിഗണിക്കാനാണ് ബെഞ്ച് മാറ്റിയത്.
തുടര്‍ന്നാണ് അഭിഭാഷകരും സുപ്രീം കോടതിയും വേനലവധി സംബന്ധിച്ച സംഭാഷണത്തിൽ ഏർപ്പെട്ടത്. ഹൈക്കോടതികളെയും സുപ്രീം കോടതി ജഡ്‌ജിമാരെയും നീണ്ട അവധിയുടെ പേരില്‍ വിമർശിക്കുന്നവർക്ക് യഥാർത്ഥത്തിൽ ജഡ്‌ജിമാരുടെ പ്രവർത്തനം എങ്ങനെയെന്ന് അറിയില്ലെന്ന് മേത്ത പറഞ്ഞു.
അഭിഭാഷകരെ വെറുതെ വിമർശിക്കുന്ന ആളുകൾക്ക് ശനിയാഴ്‌ചയോ ഞായറാഴ്‌ചയോ തങ്ങള്‍ക്ക് അവധിയില്ലെന്ന് അറിയില്ലെന്ന് ജസ്‌റ്റിസ് ഗവായ് പറഞ്ഞു. കോടതി കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിന് പുറമെ മറ്റ് നിയമനങ്ങളും ചടങ്ങുകളും കോൺഫറൻസുകളും ജഡ്‌ജിമാർ പങ്കെടുക്കേണ്ടതുണ്ടെന്നും ജസ്‌റ്റിസ് ഗവായ് കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ ഏറ്റവും കഠിനമായ ജോലിയാണിതെന്ന് മുതിർന്ന അഭിഭാഷകനായ കപില്‍ സിബലും ചൂണ്ടിക്കാട്ടി.
സിക്ക് ലീവുകളെ പരാമര്‍ശിച്ചു കൊണ്ട്, ചില ദിവസങ്ങളിൽ ബാറിൽ ഒരു പൊതു പകർച്ചവ്യാധി ഉണ്ടാകാറുണ്ടെന്ന് തുഷാർ മേത്ത തമാശ രൂപേണ പറഞ്ഞു. ഈ ഹ്രസ്വ സംഭാഷണങ്ങൾ കോടതി മുറിയിൽ ചിരി പൊട്ടാൻ കാരണമായി.