ന്യൂഡല്‍ഹി: കെട്ടിക്കിടക്കുന്ന പരാതികളില്‍ തീര്‍പ്പ് കല്‍പ്പിക്കാനായി പ്രത്യേക ലോക്‌അദാലത്തുകളുമായി സുപ്രീം കോടതി. 75 കൊല്ലത്തെ ചരിത്രത്തില്‍ ആദ്യമായാണ് പ്രത്യേക അദാലത്തുകളുമായി കോടതി രംഗത്ത് എത്തിയിരിക്കുന്നത്. അടുത്ത മാസം 29 മുതല്‍ ഓഗസ്റ്റ് മൂന്ന് വരെയാണ് പ്രത്യേക ലോക്‌അദാലത്തുകള്‍ നടക്കുക.
നമ്മുടെ രാജ്യത്തിന്‍റെ നീതിന്യായ വ്യവസ്ഥയില്‍ ഒഴിവാക്കാനാകാത്ത ഘടകമാണ് ലോക്‌അദാലത്തുകള്‍ എന്ന് സുപ്രീം കോടതി പുറത്ത് വിട്ട പ്രസ്‌താവനയില്‍ പറയുന്നു. വേഗത്തിലും ന്യായമായും തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ലക്ഷ്യമിട്ടാണ് പ്രത്യേക അദാലത്തുകള്‍ സംഘടിപ്പിച്ചിരിക്കുന്നതെന്നും പ്രസ്‌താവനയില്‍ പറയുന്നു.
എല്ലാ വിഭാഗം ജനങ്ങള്‍ക്കും കാര്യക്ഷമമായ നീതി ഉറപ്പാക്കുക എന്നതാണ് ലോക്‌അദാലത്തുകള്‍ വഴി ലക്ഷ്യമിടുന്നത്. സുപ്രീം കോടതിയില്‍ കെട്ടിക്കിടക്കുന്ന വൈവാഹിക-വസ്‌തു തര്‍ക്കങ്ങള്‍, വാഹന അപകട നഷ്‌ടപരിഹാരം, ഭൂമികയ്യേറ്റം, നഷ്‌ടപരിഹാരം, തൊഴില്‍-സേവനം തുടങ്ങിയവയുമായി ബന്ധപ്പെട്ട കേസുകളാണ് ത്വരിതഗതിയില്‍ അദാലത്തുകള്‍ വഴി തീര്‍പ്പാക്കുക.