ന്യൂഡൽഹി : മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്‌റ്റിലായ അരവിന്ദ് കെജ്‌രിവാളിനെ ഡൽഹി മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ഹർജി സുപ്രീം കോടതി തള്ളി. 'ഇനി ഈ കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് ഡൽഹി ലെഫ്റ്റനെൻ്റ് ഗവർണറാണ്. ഞങ്ങൾ ഇതിൽ ഇടപെടില്ല'. അറസ്‌റ്റിനെത്തുടർന്ന് കെജ്‌രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റാൻ നിയമപരമായ അവകാശമില്ലെന്നും ബെഞ്ച് പറഞ്ഞു.
സുപ്രീം കോടതിയെ സമീപിച്ച ഹർജിക്കാരൻ കാന്ത് ഭാട്ടി ഡൽഹി ഹൈക്കോടതിയിലെ ഹർജിക്കാരനല്ലെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. 'തടസപ്പെട്ട വിധിയിൽ ഇടപെടാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. സ്പെഷ്യൽ ലീവ് പെറ്റീഷൻ തള്ളുന്നു' ഉത്തരവിൽ ബെഞ്ച് പറഞ്ഞു.
ഡൽഹി മദ്യനയ കേസിൽ ജുഡീഷ്യൽ കസ്‌റ്റഡിയിലുള്ള കെജ്‌രിവാളിന് 239 എഎ (4), 167 (ബി), (സി) എന്നീ വകുപ്പുകൾ പ്രകാരം ഭരണഘടനാപരമായ ബാധ്യതകളും പ്രവർത്തനങ്ങളും നിർവഹിക്കാൻ കഴിയില്ലെന്ന് കാട്ടി ഹൈക്കോടതിയിൽ ഹർജിക്കാരൻ നേരത്തെ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. കെജ്‌രിവാളിന് ഇനി മുഖ്യമന്ത്രിയായി തുടരാനാകില്ലെന്ന് ഹർജിക്കാരൻ വ്യക്തമാക്കിയിട്ടുണ്ടായിരുന്നു. എന്നാൽ ഏപ്രിലിൽ ഹൈക്കോടതി ഈ ഹർജി തള്ളുകയും 50,000 രൂപ പിഴ ചുമത്തുകയും ചെയ്‌തു.