ഹൈദരാബാദ്: സെക്കന്തരാബാദിൽ തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ പിഞ്ചുകുഞ്ഞ് കൊല്ലപ്പെട്ടു. ജവഹർനഗറിൽ വീടിന് സമീപം കളിക്കുകയായിരുന്ന രണ്ട് വയസുള്ള ആണ്‍കുട്ടിയാണ് അതിദാരുണ ആക്രമണത്തിന് ഇരയായത്. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ആരോഗ്യനില വഷളായി മരിക്കുകയായിരുന്നു.
ജഗിത്യാല ജില്ലയിലെ ബിർപൂർ മണ്ഡലിൽ നിന്നുള്ള മറ്റൊരു കുട്ടി തെരുവ് നായ അക്രമിച്ചിരുന്നു. ആക്രമണത്തിന്‍റെ ദൃശ്യങ്ങൾ പ്രദേശത്തെ സി.സി.ടി.വി ക്യാമറകളിലും പതിഞ്ഞിട്ടുണ്ട്. പരുക്കേറ്റ കുട്ടി ജഗിത്യാല സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.
പ്രദേശത്ത് തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായതിനെ തുടർന്ന് പലതവണ അധികൃതരെ അറിയിച്ചിട്ടും പരിഹരിക്കാൻ നടപടിയുണ്ടായില്ലെന്ന് നാട്ടുകാർ പരാതിപ്പെട്ടു. സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി മരണത്തിൽ ദുഃഖം രേഖപ്പെടുത്തി. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടിയെടുക്കണമെന്നും തെരുവുനായ്ക്കളുടെ ആക്രമണത്തെക്കുറിച്ചുള്ള പരാതികൾ അറിയിക്കാൻ ടോൾ ഫ്രീ നമ്പർ രൂപീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മൃഗഡോക്‌ടർമാർ, ബ്ലൂ ക്രോസ് തുടങ്ങിയ സംഘടനാ പ്രതിനിധികളെ ഉൾപ്പെടുത്തി സമിതി രൂപീകരിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. നായ്ക്കളുടെ കടിയേറ്റവർക്ക് അടിയന്തര ചികിത്സ ലഭ്യമാക്കാൻ എല്ലാ ആശുപത്രികൾക്കും നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ, ഇത്തരം സംഭവങ്ങൾ തടയാൻ മറ്റ് സംസ്ഥാനങ്ങളിൽ നിലവിലുള്ള രീതികൾ പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Also Read: കളിക്കാൻ പോയ കുട്ടിയെ തെരുവ് നായ ആക്രമിച്ചു; ഹൈദരാബാദില്‍ 6 വയസുകാരൻ മരിച്ചു