ബെംഗളൂരു: മുഡ ഭൂമി ഇടപാട് കേസില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്ക് എതിരെ ലോകയുക്ത അന്വേഷണത്തിന് ഉത്തരവ്. ബെംഗളൂരുവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതിയാണ് ഇതു സംബന്ധിച്ച ഉത്തരവിട്ടത്. അഴിമതിക്കേസില്‍ സിദ്ധരാമയ്യയ്‌ക്ക് എതിരെ അന്വേഷണം നടത്താന്‍ ഗവർണർ താവർചന്ദ് ഗെലോട്ട് നൽകിയ അനുമതി ഹൈക്കോടതി കഴിഞ്ഞ ദിവസം ശരിവച്ചിരുന്നു.
ഇതിന് തൊട്ടുപിന്നാലെയാണ് മുതിർന്ന കോൺഗ്രസ് നേതാവുകൂടിയായ സിദ്ധരാമയ്യക്കെതിരെ പ്രത്യേക കോടതി ജഡ്‌ജി സന്തോഷ് ഗജാനൻ ഭട്ടിന്‍റെയും ഉത്തരവുണ്ടായിരിക്കുന്നത്. സിദ്ധരാമയ്യയുടെ ഭാര്യ ബിഎം പാർവതിക്ക് മൈസൂർ അർബൻ ഡെവലപ്‌മെന്‍റെ അതോറിറ്റി (മുഡ) അനുവദിച്ച ഭൂമിയുമായി ബന്ധപ്പെട്ടാണ് കേസ്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
മുഖ്യമന്ത്രിക്കെതിരെ അന്വേഷണത്തിന് ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് മൈസൂരു സ്വദേശിയായ സ്നേഹമയി കൃഷ്‌ണയാണ് പ്രത്യേക കോടതിയില്‍ ഹര്‍ജി നല്‍കിയത്. കേസ് സംബന്ധിച്ച് ഹൈക്കോടതി പുറപ്പെടുവിച്ച വിധി പരിശോധിച്ച ശേഷമാണ് പ്രത്യേക കോടതിയും ഉത്തരവ് പുറപ്പെടുവിച്ചത്.
അതേസമയം കേസില്‍ അന്വേഷണം നേരിടാന്‍ തനിക്ക് മടിയില്ലെന്ന് സിദ്ധരാമയ്യ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. മുഡ കേസില്‍ തന്‍റെ ഹര്‍ജി തള്ളിയ കർണാടക ഹൈക്കോടതി നടപടിക്ക് പിന്നാലെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. നിയമപ്രകാരം അത്തരമൊരു അന്വേഷണം അനുവദിക്കുമോ എന്ന് നിയമവിദഗ്‌ധരുമായി ആലോചിക്കും. ഭരണഘടനയിൽ തനിക്ക് പൂര്‍ണ വിശ്വാസമുണ്ടെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.