ന്യൂഡല്‍ഹി : ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ ആറാംഘട്ടത്തില്‍ വോട്ട് രേഖപ്പെടുത്തി കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും. രാവിലെ 9.30-ന് മൗലാന ആസാദ് റോഡിലെ നിര്‍മാണ്‍ ഭവനിലെത്തിയാണ് മൂവരും വോട്ട് രേഖപ്പെടുത്തിയത്. വോട്ട് രേഖപ്പെടുത്തി പോളിങ് ബൂത്തിന് പുറത്തെത്തിയ സോണിയ ഗാന്ധി മകന്‍ രാഹുലിനൊപ്പം സെല്‍ഫിയെടുത്തു.
ഈ ചിത്രം രാഹുല്‍ ഗാന്ധി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുകയും ചെയ്‌തു. 'രാജ്യത്തെ ജനാധിപത്യത്തിനായി ഞാനും അമ്മയും ഞങ്ങളുടെ വോട്ടുകള്‍ രേഖപ്പെടുത്തി. നിങ്ങളും സുരക്ഷിത ഭാവിക്കായി നിങ്ങളുടെ വോട്ടുകള്‍ രേഖപ്പെടുത്തണമെന്നും' രാഹുല്‍ ഗാന്ധി ഫോട്ടോയ്‌ക്ക് താഴെ കുറിച്ചു.
വോട്ട് രേഖപ്പെടുത്തിയ പ്രിയങ്ക ഗാന്ധി ഇന്ത്യ സഖ്യം വിജയിക്കുമെന്ന് പറഞ്ഞു. ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ ആറാം ഘട്ടത്തില്‍ 6 സംസ്ഥാനങ്ങളിലേക്കുള്ള വോട്ടെടുപ്പാണ് നടക്കുന്നത്. 58 മണ്ഡലങ്ങളിലേക്കും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പാണ് ആറാം ഘട്ടത്തില്‍ പുരോഗമിക്കുന്നത്. 889 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്.
ഇന്ത്യ സഖ്യത്തില്‍ എഎപിയുമായി ചേര്‍ന്ന് മത്സരിക്കുന്ന കോണ്‍ഗ്രസിന് ന്യൂഡല്‍ഹി ലോക്‌സഭ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയില്ല. ആംആദ്‌മിയുടെ സോമനാഥ് ഭാരതിയാണ് സഖ്യത്തിന്‍റെ സ്ഥാനാര്‍ഥി. അതുകൊണ്ട് തന്നെ ഇത്തവണ ഗാന്ധി കുടുംബത്തിന്‍റെ വോട്ട് കോണ്‍ഗ്രസിനല്ല.
ചരിത്രത്തില്‍ ആദ്യമായാണ് നേതാക്കള്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കല്ലാതെ വോട്ട് രേഖപ്പെടുത്തുന്നത്. ബിജെപി സര്‍ക്കാരിനെ താഴെയിറക്കുകയെന്ന ഒറ്റ ലക്ഷ്യത്തോടെയാണ് ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്‍റെയും എഎപിയുടെ പോരാട്ടം. ബിജെപിയിലെ സുഷമ സ്വരാജിന്‍റെ മകള്‍ ബാംസുരി രാജാണ് സോമനാഥ് ഭാരതിയുടെ എതിരാളി.