ലഖ്‌നൗ : പാമ്പ് വിഷം ഉപയോഗിച്ച ലഹരി പാര്‍ട്ടിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസില്‍ യൂട്യൂബര്‍ എൽവിഷ് യാദവിന് ഇഡി സമന്‍സ്. ചോദ്യം ചെയ്യുന്നതിനായി ജൂലൈ 23 ന് ലഖ്‌നൗ യൂണിറ്റിന് മുന്നിൽ ഹാജരാകാനാണ് നിര്‍ദേശം. ഈ വർഷം നടന്ന പാർട്ടിക്കായി ചെലവഴിച്ച ഗണ്യമായ തുക കണക്കിലെടുത്ത് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ഇഡി കേസെടുത്തിരുന്നു.
മാർച്ച് 17 ന് അറസ്‌റ്റിലായ യാദവിനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ടിരുന്നു. എന്നാൽ, അഞ്ച് ദിവസത്തിന് ശേഷം പ്രാദേശിക കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചു. വിദേശ പര്യടനം ചൂണ്ടിക്കാട്ടി ജൂലൈ 8 ന് ഇഡിക്ക് മുന്നിൽ ഹാജരാകാൻ കഴിയില്ലെന്ന് അറിയിച്ചതിനെത്തുടർന്നാണ് ജൂലൈ 23 ന് ഹാജരാകാന്‍ നിര്‍ദേശം നല്‍കിയത്.
എൽവിഷ് യാദവിൻ്റെ അടുത്ത അനുയായിയും ഹരിയാന ഗായകനുമായ ഫാസിൽപുരിയ എന്ന രാഹുൽ യാദവിനെ തിങ്കളാഴ്‌ച (ജൂലൈ 8) ഇഡി ലഖ്‌നൗ ഓഫിസിൽ മണിക്കൂറുകളോളം ചോദ്യം ചെയ്‌തതായും ഇഡി വൃത്തങ്ങള്‍ അറിയിച്ചു. ഫാസിൽപുരിയയുടെ ജനപ്രിയ ഗാനങ്ങളിലൊന്നിന്‍റെ ചിത്രീകരണത്തില്‍ പാമ്പിനെ ഉപയോഗിച്ചതിനെക്കുറിച്ചും അന്വേഷണ ഏജന്‍സി അന്വേഷിച്ചിരുന്നു. കൂടാതെ, എൽവിഷ് യാദവിൻ്റെ മറ്റ് സഹായികളായ ഈശ്വർ യാദവ്, വിനയ് യാദവ് എന്നിവരെയും നേരത്തെ ചോദ്യം ചെയ്‌തിരുന്നു.
എഫ്ഐആർ രജിസ്‌റ്റർ ചെയ്‌ത് ഏകദേശം ആറ് മാസത്തിന് ശേഷം എൽവിഷ് യാദവിനും മറ്റ് ഏഴ് പേർക്കുമെതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരം 1,200 പേജുള്ള കുറ്റപത്രം ഏപ്രിൽ ആറിന് ഗൗതം ബുദ്ധ നഗർ പൊലീസ് സമർപ്പിച്ചു. എങ്ങനെയാണ് പാമ്പുകളെ ലഭിച്ചതെന്നും പാർട്ടികളിൽ അവയുടെ വിഷം ഉപയോഗിച്ചതെങ്ങനെയെന്നും കുറ്റപത്രത്തിൽ വിവരിക്കുന്നു.
അതേസമയം, യാദവ് തനിക്കെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതവും വ്യാജവും ആണെന്ന് പറഞ്ഞിരുന്നു. തുടർന്ന് പൊലീസ് പിന്നീട് നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്‌റ്റൻസ് ആക്‌ട് പ്രകാരമുള്ള കുറ്റങ്ങൾ ഒഴിവാക്കിയിരുന്നു.
Also Read: പഞ്ചസാര ചാക്കുകള്‍ക്കടിയില്‍ ലഹരിവസ്‌തുക്കള്‍; രാത്രികാല പെട്രോളിങ്ങിനിടെ യുവാവിനെ പിടികൂടി പൊലീസ്