ഗാന്ധിനഗർ: പാകിസ്ഥാനി ബോട്ടിൽ നിന്ന് 460 കോടി വില മതിക്കുന്ന 80 കിലോഗ്രാം മയക്കുമരുന്ന് പിടികൂടി. പോർബന്ധറിൽ നിന്ന് 350 കിലോമീറ്റർ അകലെയാണ് ബോട്ട് പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് ഇന്ത്യൻ കോസ്റ്റ് ഗാർഡ് (Indian Coast Guard), ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ്, നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ (Narcotics Control Bureau) എന്നിവർ സംയുക്തമായി അറബിക്കടലിൽ നടത്തിയ തെരച്ചിലിലാണ് ആറംഗ സംഘമടങ്ങുന്ന ബോട്ട് ഇന്നലെ രാത്രി കണ്ടെത്തിയത്.
പോർബന്ധർ തീരം വഴി മയക്കുമരുന്ന് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ പിടിയിലായത്. ഇന്ത്യൻ കോസ്റ്റ് ഗാർഡിന്‍റെ ബോട്ടിൽ നടത്തിയ തന്ത്രപരമായ നീക്കങ്ങളുടെ ഫലമായാണ് ബോട്ട് പിടികൂടാനായത്. പാക് ബോട്ട് ഒഴിഞ്ഞു മാറാൻ ശ്രമിച്ചെങ്കിലും ഇന്ത്യൻ കോസ്റ്റ് ഗാർഡിന്‍റെ ബോട്ട് പിന്തുടർന്ന് പിടികൂടുകയായിരുന്നു.
ഇന്ത്യൻ അതിർത്തിയിലേക്ക് കടക്കാനിരിക്കുന്നതിനിടെ ആണ് പാക് ബോട്ട് പിടികൂടിയത്. പിടികൂടിയ ബോട്ട് വിശദാന്വേഷണങ്ങൾക്കായി പോർബന്ധറിലേക്ക് കൊണ്ടുവരും. ഇതിന് മുമ്പ് പല തവണ മയക്കുമരുന്നുമായി ബോട്ടുകൾ ഗുജറാത്ത് തീരത്ത് പിടികൂടിയിരുന്നു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 3135 കോടി രൂപ വിലമതിക്കുന്ന 517 കിലോഗ്രാം മയക്കുമരുന്നാണ് ഇന്ത്യൻ കോസ്റ്റ് ഗാർഡ്, ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ്, നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ എന്നിവരുടെ നേതൃത്വത്തിൽ പിടികൂടുന്നത്.
കഴിഞ്ഞ ഫെബ്രുവരി 28 നും സമാന സംഭവം ഉണ്ടായിരുന്നു. 3,300 കിലോ മയക്കുമരുന്നാണ് പിടികൂടിയത്. പാകിസ്ഥാനുമായുള്ള അന്താരാഷ്‌ട്ര സമുദ്രാതിർത്തി രേഖയ്ക്ക് സമീപത്തുനിന്നുമാണ് ബോട്ട് പിടികൂടിയത്. പാകിസ്ഥാൻ അല്ലെങ്കിൽ ഇറാനിൽ നിന്നുള്ളവരെന്ന് സംശയിക്കുന്ന അഞ്ച് പേരെ ബോട്ടില്‍ നിന്ന് പിടികൂടിയിരുന്നു. 3,089 കിലോഗ്രാം ചരസ്, 158 കിലോ മെത്താംഫെറ്റാമിൻ, 25 കിലോഗ്രാം മോർഫിൻ എന്നിവയാണ് പിടിച്ചെടുത്തത്.