പറ്റ്ന : ആര്‍ജെഡിയും കോണ്‍ഗ്രസും ജനതാദള്‍ യുവും ഉള്‍പ്പെട്ട മഹാഗഡ് ബന്ധനിലെ പുതിയ നാടകങ്ങള്‍ക്ക് നിതീഷ് കുമാറിന്‍റെ രാജിയോടെ തിരശീല വീണിരിക്കുന്നു. ഇന്ത്യ മുന്നണിക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ് നിതീഷിന്‍റെ രാജി(Situation In Mahagathbandhan).
തന്‍റെ വസതിയില്‍ ജെഡിയു സാമാജികരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു രാജി. രാജ്ഭവനിലെത്തി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയ ശേഷം രാജി സമര്‍പ്പിച്ച് അദ്ദേഹം പുതുതായി എന്‍ഡിഎയുടെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ താത്പര്യം അറിയിച്ചു. നേരത്തെ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കറുമായി കൂടിക്കാഴ്ചയ്ക്ക് നിതീഷ് സമയം തേടിയിരുന്നു.നരേന്ദ്രമോദിയുടെ മന്‍കി ബാത്തിന് ശേഷം ബിജെപി സാമാജികര്‍ നിതീഷിനെ പിന്തുണച്ച് കൊണ്ടുള്ള കത്ത് കൈമാറി. സംസ്ഥാന ബിജെപി അധ്യക്ഷന്‍ സമ്രാത് ചൗധരി ഉപമുഖ്യമന്ത്രിയാകുമെന്നാണ് സൂചന(Nitish kumar resigns).
മഹാഗഡ് ബന്ധനില്‍ കാര്യങ്ങള്‍ അത്ര പന്തിയല്ലെന്നാണ് രാജി സമര്‍പ്പിച്ച ശേഷം അദ്ദേഹം പ്രതികരിച്ചത്. സഖ്യകക്ഷികള്‍ പലതും വിട്ടു പോകുന്നു. സഖ്യത്തില്‍ മറ്റൊന്നും നടക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. താന്‍ മുഖ്യമന്ത്രി പദം രാജിവയ്ക്കുകയും സര്‍ക്കാരിനെ പിരിച്ചുവിടാന്‍ ഗവര്‍ണറോട് ആവശ്യപ്പെടുകയും ചെയ്തതായി അദ്ദേഹം വ്യക്തമാക്കി.
എല്ലാം നന്നായി പോയിരുന്നെങ്കില്‍ ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നുവെന്നും നിതീഷ് ചൂണ്ടിക്കാട്ടി. താന്‍ ദീര്‍ഘകാലമായി ഒച്ചയുയര്‍ത്തിക്കൊണ്ടേ ഇരിക്കുകയാണ്. എല്ലാവരുടെയും അഭിപ്രായങ്ങള്‍ താന്‍ പരിഗണിക്കുന്നുണ്ടായിരുന്നു. ഇപ്പോള്‍ സര്‍ക്കാര്‍ പിരിച്ചുവിടപ്പെട്ടിരിക്കുകയാണ് (Bihar politics ).
ഭാവി പരിപാടികള്‍ കാത്തിരുന്ന് കാണാനായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. വൈകിട്ട് നാല് മണിക്ക് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് വീണ്ടും അധികാരമേല്‍ക്കും. 243 അംഗ നിയമസഭയില്‍ ആര്‍ജെഡിക്ക് 79 അംഗങ്ങളുണ്ട്. ബിജെപിക്ക് 78, ജെഡിയുവിന് 45 കോണ്‍ഗ്രസിന് 19, സിപിഐ എംഎല്ലിന് 12 എന്നിങ്ങനെയാണ് കക്ഷിനില.
ഇതിനിടെ ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദ പറ്റ്നയിലെത്തിയിട്ടുണ്ട്. സത്യപ്രതിജ്ഞ ചടങ്ങില്‍ അദ്ദേഹം പങ്കെടുക്കും. അധികാരത്തില്‍ തുടരാന്‍ വേണ്ടി ഇദ്ദേഹം മറുകണ്ടം ചാടുന്നത് ഇതാദ്യമല്ല. ഇന്ത്യ മുന്നണിയുടെ കണ്‍വീനര്‍ സ്ഥാനം നിഷേധിച്ചപ്പോള്‍ തന്നെ ഇത്തരമൊരു ചാട്ടം പ്രതീക്ഷിച്ചിരുന്നതാണ്.
പ്രതിപക്ഷ സഖ്യത്തിന്‍റെ മുഖമായി തന്നെ ഉയര്‍ത്തിക്കാട്ടാത്തതില്‍ നിതീഷിന് അസംതൃപ്തി ഉണ്ടായിരുന്നു. സഖ്യത്തിന് മുന്‍കൈ എടുത്ത ആളെന്ന നിലയില്‍ ഇത്തരമൊരു ആഗ്രഹം അദ്ദേഹത്തിനുണ്ടായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കെ സംസ്ഥാനത്തെ മഹാഗഡ്ബന്ധന് വലിയ തിരിച്ചടിയായിരിക്കുകയാണ് നിതീഷിന്‍റെ ഈ നീക്കം. കോണ്‍ഗ്രസും ആര്‍ജെഡിയുമുള്‍പ്പടെയുള്ള മുന്നണിയാണ് മഹാഗഡ് ബന്ധന്‍.
Also Read:മഹാഗഡ്‌ബന്ധന്‍ തകര്‍ത്ത് നിതീഷിന്‍റെ മലക്കംമറിച്ചില്‍ ; ബിഹാറില്‍ ബിജെപിയുടെ മധുര പ്രതികാരം