ബെംഗളുരു: ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ മൂന്ന് പേർക്കായി തെരച്ചിൽ തുടരുന്നതായി കർണാടക ഭരണകൂടം. നദീതീരത്ത് നടത്തിയ രക്ഷാപ്രവർത്തനം ഏറെക്കുറെ പൂർത്തിയായതായും ഇനി പുഴയിലിറങ്ങി പരിശോധന നടത്തുമെന്നും എംഎൽഎ സതീഷ് സെയിൽ വ്യക്തമാക്കി. അതേസമയം ഗംഗാവലിപുഴയിൽ ശക്തമായ അടിയൊഴുക്ക് തുടരുന്നത് തെരച്ചിലിന് വെല്ലുവിളി ആയിരിക്കുകയാണ്.
ഇന്ന് (ജൂലൈ 27) ഗോവയിൽ നിന്നെത്തുന്ന ഫ്ലോട്ടിംഗ് പ്ലാറ്റ്‌ഫോം ഉപയോഗിച്ച് പ്രവർത്തനം തുടരാനാണ് തീരുമാനം. ഗംഗാവലി നദിയിലും തീരത്തും ജെസിബിയും ലോംഗ് ആം ബൂമറും ഡ്രോണും മെറ്റൽ ഡിറ്റക്‌ടറും വച്ച് പരിശോധന നടത്തിയെങ്കിലും കാണാതായവരെ കണ്ടെത്താനായില്ല. നദീതീരത്ത് നടത്തിയ പരിശോധനയിൽ ഹോട്ടലിലെ ചില പാത്രങ്ങളും മരക്കഷ്‌ണങ്ങളും മാത്രം കണ്ടെത്തിയിരുന്നു. മറ്റൊരു സൂചനയും ലഭിക്കാത്തതിനെ തുടർന്നാണ് രക്ഷാപ്രവർത്തനം നദിയിലേക്ക് കേന്ദ്രീകരിക്കാൻ തീരുമാനിച്ചതെന്നും എംഎൽഎ വ്യക്തമാക്കി. പ്രദേശത്തെ മത്സ്യത്തൊഴിലാളികളിൽ നിന്നും നദിയുടെ ഘടനയെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നുണ്ടെന്നും എംഎൽഎ കൂട്ടിച്ചേർത്തു.
കനത്ത മഴ കാരണം ഡ്രോൺ അധിഷ്‌ഠിത മെറ്റൽ ഡിറ്റക്‌ടർ വഴിയുള്ള തെരച്ചിൽ ഇന്നലെയോടെ പൂർത്തിയായതായി ജില്ല കലക്‌ടർ ലക്ഷ്‌മി പ്രിയ അറിയിച്ചു. മെറ്റൽ ഡിറ്റക്‌ടറിൽ സിഗ്നലുകൾ ലഭിച്ച നദിയിലെ സ്ഥലങ്ങൾ അടയാളപ്പെടുത്തിയിട്ടുണ്ട്. ഇനി മുങ്ങി പരിശോധിക്കുകയാണ് വേണ്ടത്. നിലവിലെ അടിയൊഴുക്ക് കണക്കെടുത്ത് നദിയിലെ രക്ഷാപ്രവർത്തനം താത്‌കാലികമായി നിർത്തിവച്ചിരിക്കുകയായിരുന്നു. ഫ്ലോട്ടിംഗ് പ്ലാറ്റ്‌ഫോം കൊണ്ടുവന്നതിനു ശേഷം രക്ഷാപ്രവർത്തനം തുടരുമെന്നും കലക്‌ടർ പറഞ്ഞു. ദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് 5 ലക്ഷം രൂപ വീതം കൈമാറി.
ദുരന്തസ്ഥലം സന്ദർശിച്ച് മന്ത്രി മുഹമ്മദ് റിയാസ്: കേരള പൊതുമരാമത്ത് വകുപ്പ് മന്ത്രി സംഭവസ്ഥലം സന്ദർശിച്ച് ഉദ്യോഗസ്ഥരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു. ഡൽഹിയിൽ നിന്നെത്തിയ വിദഗ്‌ദ സംഘത്തിൽ നിന്നും കാണാതായ മലയാളി അർജുന്‍റെ ലോറി എവിടെയാണെന്നും അടുത്ത ഓപ്പറേഷനെക്കുറിച്ചുമുള്ള വിവരങ്ങൾ ആരാഞ്ഞു. ജില്ല കലക്‌ടറുമായും മന്ത്രി ചർച്ച നടത്തിയിട്ടുണ്ട്.
Also Read: ഷിരൂരിലെ രക്ഷാദൗത്യം; പുഴയില്‍ പരിശോധനയ്‌ക്ക് എട്ടംഗ മുങ്ങല്‍ വിദഗ്‌ധ സംഘം