ബെംഗളൂരു: ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തെരച്ചില്‍ നിര്‍ണായക സൂചന നല്‍കി സൈന്യം. ലോറി റോഡിലെ മണ്ണിനടിയില്‍ ഉണ്ടാവാമെന്നാണ് സൈന്യം നല്‍കുന്ന സൂചന. റഡാര്‍ ഉപയോഗിച്ചുള്ള പരിശോധനയില്‍ രണ്ടിടങ്ങളില്‍ നിന്നു കൂടി നിർണായക സിഗ്‌നല്‍ ലഭിച്ചു.
ഇവിടെയുള്ള മണ്ണ് നീക്കിക്കൊണ്ടുള്ള പരിശോധന അതിവേഗത്തില്‍ പുരോഗമിക്കുകയാണ്. സിഗ്‌നല്‍ ലഭിച്ചതോടെ പുഴയില്‍ നിന്നും മാറി പരിശോധന റോഡിലേക്ക് കൂടുതല്‍ കേന്ദ്രീകരിച്ചിരിക്കുകയാണിപ്പോള്‍. വളരെ ആഴത്തിലും ദൂരത്തിലും നിന്ന് സിഗ്നല്‍ കണ്ടെത്താന്‍ ശേഷിയുള്ള ഡീപ് സെർച്ച് മെറ്റൽ ഡിറ്റക്‌ടർ സംവിധാനങ്ങൾ ഉപയോഗിച്ചാണ് സൈന്യം പ്രദേശത്ത് തെരച്ചില്‍ നടത്തുന്നത്.
നിലവില്‍ ലഭിച്ചിരിക്കുന്ന സിഗ്‌നല്‍ ലോറിയുടേത് തന്നെയാണോയെന്ന് ഉറപ്പിക്കാനായിട്ടില്ല. അർജുനെ കാണാതായിട്ട് ഇന്നേക്ക് ഏഴ് ദിവസം പിന്നിടുകയാണ്. ഇന്നലെ ഉച്ചയോടെയാണ് സൈന്യം തെരച്ചിലിനെത്തിയത്. റോഡില്‍ ലോറിയില്ലെന്ന് ഉറപ്പിക്കുന്നത് വരെ മണ്ണ് നീക്കം ചെയ്യാനാണ് നിലവില്‍ തീരുമാനം.
ഇടിഞ്ഞുവീണ മണ്ണിനൊപ്പം ലോറി പുഴയിലേക്ക് വീഴാനുള്ള സാധ്യതയും സൈന്യം തള്ളിക്കളഞ്ഞിരുന്നില്ല. ഇതോടെ ഗംഗാവലി പുഴയിലും സ്‌കൂബ ഡൈവേഴേ്സ് രാവിലെ മുതല്‍ തെരച്ചില്‍ നടത്തുന്നുണ്ട്. അതേസമയം അര്‍ജുന്‍റെ വാഹനം റോഡിലെ മണ്ണിനടിയില്‍ ഇല്ലെന്നായിരുന്നു കര്‍ണാടക സര്‍ക്കാറിന്‍റെ ഭാഗത്ത് നിന്നുള്ള പ്രതികരണം. എന്നാല്‍ സൈന്യം നിര്‍ദേശിക്കുന്നതിന് അനുസരിച്ച് ദൗത്യം മുന്നോട്ട് പോകുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.