ന്യൂഡൽഹി : കാൻ ഫിലിം ഫെസ്‌റ്റിവലിൽ ഗ്രാൻഡ് പ്രിക്‌സ് അവാർഡ് നേടിയ സംവിധായിക പായൽ കപാഡിയയെ അഭിനന്ദിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോൺഗ്രസ് നേതാവ് ശശി തരൂർ. ഇന്ത്യ, പായൽ കപാഡിയയുടെ ഈ നേട്ടത്തിൽ അഭിമാനിക്കുന്നുണ്ടെങ്കിൽ അവർക്കും സഹ എഫ്‌ടിഐഐ വിദ്യാർഥികൾക്കുമെതിരായ കേസുകൾ മോദി സർക്കാർ ഉടൻ പിൻവലിക്കേണ്ടതല്ലേ എന്ന് ശശി തരൂർ ചോദിച്ചു.
കഴിഞ്ഞ ആഴ്‌ച, പായൽ കപാഡിയയുടെ മലയാളം - ഹിന്ദി ഫീച്ചർ ഫിലിമായ "ഓൾ വി ഇമാജിൻ ആസ് ലൈറ്റ്" എന്ന ചിത്രത്തിന് 77-ാമത് കാൻ ഫിലിം ഫെസ്‌റ്റിവലില്‍ രണ്ടാമത്തെ ഉയർന്ന ബഹുമതിയായ ഗ്രാൻഡ് പ്രിക്‌സ് അവാർഡ് ലഭിച്ചിരുന്നു. ഗ്രാൻഡ് പ്രിക്‌സ് അവാർഡ് നേടുന്ന ആദ്യത്തെ ഇന്ത്യൻ ചലച്ചിത്രകാരിയാണ് പായൽ കപാഡിയ. രാജ്യം അവരെയോർത്ത് അഭിമാനിക്കുന്നുവെന്ന് ഈ വിജയത്തിന് ശേഷം മോദി പറഞ്ഞിരുന്നു.
2015ൽ, പൂനെ ആസ്ഥാനമായുള്ള ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ (എഫ്‌ടിഐഐ) ചെയർപേഴ്‌സണായി നടനും രാഷ്‌ട്രീയക്കാരനുമായ ഗജേന്ദ്ര ചൗഹാനെ നിയമിച്ചതിനെ എതിർത്ത് സമരം നടത്തിയ വിദ്യാർഥികളിൽ ഒരാളായിരുന്നു പായൽ കപാഡിയ. "മോദി ജി, ഇന്ത്യ പായൽ കപാഡിയയെ കുറിച്ച് അഭിമാനിക്കുന്നുവെങ്കിൽ, യോഗ്യതയില്ലാത്ത ഒരു ചെയർമാനെ നിങ്ങളുടെ സർക്കാർ ഏകപക്ഷീയമായി നിയമിച്ചതിൽ പ്രതിഷേധിച്ച അവർക്കും സഹ എഫ്‌ടിഐഐ വിദ്യാർഥികൾക്കുമെതിരായ കേസുകൾ ഉടൻ പിൻവലിക്കേണ്ടതല്ലേ ?"- ശശി തരൂർ എക്‌സിൽ കുറിച്ചു.
'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്' എന്ന സിനിമയ്‌ക്ക് 77-ാമത് കാൻ ഫിലിം ഫെസ്‌റ്റിവലിൽ ഗ്രാൻഡ് പ്രിക്‌സ് നേടിയ പായൽ കപാഡിയയുടെ ചരിത്ര നേട്ടത്തെ പ്രശംസിച്ച് അവരെ ഓർത്ത് ഇന്ത്യ അഭിമാനിക്കുന്നു എന്ന പ്രധാനമന്തി നരേന്ദ്രമോദിയുടെ എക്‌സ് പോസ്‌റ്റിന് മറുപടിയായിരുന്നു തരൂരിന്‍റെ പരാമർശം.
എഫ്‌ടിഐഐയുടെ പൂർവ്വ വിദ്യാർഥിനിയായ പായൽ കപാഡിയ അവരുടെ ശ്രദ്ധേയ നേട്ടം കൊണ്ട് ആഗോള വേദിയിൽ തിളങ്ങുന്നത് തുടരുകയാണ്. ഈ അഭിമാനകരമായ അംഗീകാരം അവരുടെ അസാധാരണമായ കഴിവുകളെ ബഹുമാനിക്കത്തക്കതാക്കുന്നു എന്ന് മാത്രമല്ല, ഒരു പുതിയ തലമുറയെ പ്രചോദിപ്പിക്കുന്നതുമാണെന്നും ശശി തരൂർ പറഞ്ഞു.
എഫ്‌ടിഐഐ ഗവേണിങ് കൗൺസിലിന്‍റെ മുൻ ചെയർമാന്മാരുടെ കാഴ്‌ചപ്പാടുകളുമായി പൊരുത്തപ്പെടുന്നയാളായിരുന്നില്ല ഗജേന്ദ്ര ചൗഹാൻ. അദ്ദേഹത്തിന്‍റേത് തീര്‍ത്തും രാഷ്ട്രീയ നിയമനമാണെന്നും ചൂണ്ടിക്കാട്ടിയാണ് 2015 ൽ വിദ്യാർഥികൾ പ്രതിഷേധിച്ചത്. 139 ദിവസത്തെ സമരത്തിനിടെ, അന്നത്തെ എഫ്‌ടിഐഐ ഡയറക്‌ടർ പ്രശാന്ത് പത്രാബെയെ വിദ്യാർഥികൾ ഓഫീസില്‍ ഉപരോധിച്ചിരുന്നു. ഇതേത്തുടർന്ന് പൊലീസ് ക്യാമ്പസിനുള്ളിൽ പ്രവേശിച്ച് സമരക്കാരിൽ ചിലരെ അറസ്‌റ്റ് ചെയ്യുകയുമായിരുന്നു.