ന്യൂഡൽഹി : ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്തതിനാൽ നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങിനെ പരിഹസിച്ച് ശശി തരൂർ. നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കുന്നതിനു പകരം താൻ ഇന്ത്യ-പാക് മത്സരം കാണുമെന്ന് അദ്ദേഹം പറഞ്ഞു.
'എന്നെ സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ചിട്ടില്ല, അതിനാൽ ഞാൻ ഇന്ത്യ-പാകിസ്ഥാൻ മത്സരം കാണും' -ശശി തരൂർ പറഞ്ഞു. പരിഹാസരൂപേണയാണ് അദ്ദേഹം പറഞ്ഞത്.
ഇന്ന് നടക്കുന്ന മൂന്നാം എൻഡിഎ സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ഇന്ത്യ മുന്നണി നേതാക്കൾക്കും എംപിമാർക്കും ക്ഷണം ലഭിച്ചിട്ടില്ലാത്ത സാഹചര്യത്തിലാണ് കോണ്‍ഗ്രസ് നേതാവും നിയുക്ത എംപിയുമായ ശശി തരൂരിന്‍റെ പരിഹാസം. രാത്രി 7:15 ന് നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിൽ പ്രധാനമന്ത്രിയായി അധികാരമേല്‍ക്കുന്ന നരേന്ദ്ര മോദിയ്‌ക്കൊപ്പം മറ്റ് മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്‌തേക്കുമെന്നാണ് സൂചന.
ഏഴ് വിദേശ രാജ്യങ്ങളിലെ നേതാക്കള്‍ അടക്കം എണ്ണായിരത്തിലധികം പേർ പരിപാടിയില്‍ പങ്കെടുക്കും. ശ്രീലങ്ക, മാലദ്വീപ് എന്നിവിടങ്ങളിലെ പ്രസിഡൻ്റുമാരും ബംഗ്ലാദേശ്, മൗറീഷ്യസ്, നേപ്പാള്‍, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളിലെ പ്രധാനമന്ത്രിമാരും ചടങ്ങില്‍ അതിഥികളായെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദി വൈകുന്നേരം ആറരയോടെ രാജ്‌ഘട്ടിലെത്തി രാഷ്‌ട്രപിതാവിന് ആദരവര്‍പ്പിക്കും.
മന്ത്രിസഭ രൂപീകരണത്തില്‍ എൻഡിഎയിലെ സഖ്യകക്ഷികളുമായി ബിജെപി ചര്‍ച്ചകള്‍ നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ടിഡിപി, ജെഡിയു പാര്‍ട്ടികള്‍ക്ക് ഒരു കാബിനറ്റ് മന്ത്രിസ്ഥാനവും രണ്ട് സഹമന്ത്രി സ്ഥാനവും ലഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകൾ.
Also Read: മോദി 3.0: സത്യപ്രതിജ്ഞ ഇന്ന്, അതിഥികളായി 7 വിദേശ രാജ്യങ്ങളിലെ നേതാക്കള്‍; പ്രതിപക്ഷത്തിന് ക്ഷണമില്ല