ബെംഗളൂരു : ജനതാദള്‍ നേതാവും മുന്‍ പ്രധാനമന്ത്രിയുമായ എച്ച് ഡി ദേവഗൗഡയുടെ ചെറുമകന്‍ പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ഉയര്‍ന്ന ലൈംഗിക ദൃശ്യ വിവാദം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തി. സംഭവത്തെക്കുറിച്ചുള്ള അന്വേഷണത്തിനായി 24 മണിക്കൂറിനകം ഹാജരാകണമെന്ന് സംഘം പ്രജ്വലിനോട് നിര്‍ദേശിച്ചു. കേസില്‍ രണ്ടാം പ്രതിയായ പ്രജ്വലിന്‍റെ പിതാവും ജെഡിഎസ് എംഎല്‍എയുമായ എച്ച് ഡി രേവണ്ണയോടും ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം പ്രജ്വല്‍ രേവണ്ണയെ ജെഡിഎസ് സസ്‌പെന്‍ഡ് ചെയ്‌തിരുന്നു. ഇയാള്‍ക്കെതിരെ അന്വേഷണം നടത്താന്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതിന് തൊട്ടുപിന്നാലെ ആയിരുന്നു നടപടി. ഹസനിലെ സിറ്റിങ് എംപിയും നിലവില്‍ ലോക്‌സഭയിലേക്ക് മണ്ഡലത്തില്‍ നിന്നുള്ള സ്ഥാനാര്‍ഥിയുമാണ് പ്രജ്വല്‍ രേവണ്ണ.
നിര്‍ദേശിച്ചിട്ടുള്ള സമയത്തിനുള്ളില്‍ ഇരുവരും എസ് പി സീമ ലത്‌കറിന് മുന്നില്‍ ഹാജരാകണമെന്നാണ് നിര്‍ദേശം. ദേശീയ വനിത കമ്മിഷനും സംഭവത്തില്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. കര്‍ണാടക പൊലീസ് മൂന്ന് ദിവസത്തിനുള്ളില്‍ സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നും നിര്‍ദേശമുണ്ട്.
Also Read: അശ്ലീല വീഡിയോ കേസ് : പ്രജ്വല്‍ രേവണ്ണയെ സസ്‌പെന്‍ഡ് ചെയ്‌ത് ജെഡിഎസ്
പ്രതി രാജ്യം വിട്ട സാഹചര്യത്തില്‍ ഇയാള്‍ക്കെതിരെ കര്‍ശന നടപടി അടിയന്തരമായി കൈക്കൊള്ളണമെന്ന് ദേശീയ വനിത കമ്മിഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ കര്‍ണാടക ഡിജിപി അലോക് മോഹന് നിര്‍ദേശം നല്‍കി. എന്നാല്‍ നിര്‍ദേശിച്ചിരിക്കുന്ന സമയത്ത് തന്നെ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകുമെന്നാണ് പ്രജ്വല്‍ രേവണ്ണയുടെ കുടുംബം വ്യക്തമാക്കിയത്.