വിരുദുനഗർ (ചെന്നൈ) : തമിഴ്‌നാട്ടില്‍ പടക്ക നിർമാണശാലയിൽ സ്‌ഫോടനം. അപകടത്തിൽ അഞ്ച് സ്‌ത്രീകളടക്കം 9 പേർ മരിച്ചു. ഗർഭിണിയടക്കം 12 പേർ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. വിരുദുനഗർ ജില്ലയിലെ ശിവകാശിക്ക് സമീപം സെങ്കമലപ്പട്ടി ഗ്രാമത്തിൽ പ്രവർത്തിക്കുന്ന സ്വകാര്യ പടക്ക നിർമാണശാലയില്‍ ഇന്ന് (09-05-2024) ഉച്ചയോടെയാണ് സ്ഫോടനമുണ്ടായത്. അപകടം നടക്കുമ്പോള്‍ 50-ല്‍ അധികം തൊഴിലാളികൾ ഫാക്‌ടറിയിലുണ്ടായുരുന്നു എന്നാണ് റിപ്പോര്‍ട്ട്.
ഫാന്‍സി പടക്കങ്ങൾ നിർമിക്കുന്നതിനായി തൊഴിലാളികൾ രാസവസ്‌തുക്കൾ കൈകാര്യം ചെയ്യുന്നതിനിടെയാണ് തീപിടിത്തം ഉണ്ടായതെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. ശക്തമായ സ്ഫോടനത്തില്‍ ഏഴ് വെയർഹൗസുകൾ തകർന്നു. ഫാക്‌ടറിയില്‍ പടക്കം സൂക്ഷിച്ചിരുന്ന 30-ല്‍ അധികം മുറികളുണ്ടായിരുന്നു. ഇതില്‍ 8 മുറികളും സ്‌ഫോടനത്തില്‍ പൂർണമായും തകര്‍ന്നു.
സത്തൂർ, വെമ്പക്കോട്ടൈ, ശിവകാശി എന്നിവിടങ്ങളിൽ നിന്ന് ഫയർ ഫോഴ്‌സ് എത്തി മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്. രാസവസ്‌തുക്കൾ കൈകാര്യം ചെയ്യുന്നതിനിടെ ഉണ്ടായ ഘർഷണമാണ് തീപിടിത്തത്തിന് കാരണമായത് എന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തല്‍. സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നു വരികയാണ്.
Also Read : വിരുദുനഗര്‍ ക്വാറിയില്‍ സ്ഫോടനം ; നാല് മരണം - VIRUDHUNAGAR EXPLOSION