കോട്ട : ശിവരാത്രി ഘോഷയാത്രയ്ക്കിടെ വൈദ്യുതാഘാതമേറ്റ് 18 കുട്ടികൾക്ക് പൊള്ളലേറ്റു. രാജസ്ഥാനിലെ കോട്ടയിലെ കുൻഹാഡി പൊലീസ് സ്റ്റേഷൻ പരിധിയിലെ സകത്പുരയിലാണ് സംഭവം. കുട്ടികളെ എംബിഎസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണെന്ന് ഡോക്‌ടർമാർ അറിയിച്ചു.
തെര്‍മല്‍ പവര്‍ പ്ലാന്‍റിന് സമീപമുള്ള കാലി ബസ്‌തിയിലാണ് അപകടമുണ്ടായതെന്ന് കുന്‍ഹാഡി പൊലീസ് സ്റ്റേഷന്‍ അസിസ്റ്റന്‍റ് സബ് ഇൻസ്പെക്‌ടർ റയീസ് അഹമ്മദ് പറഞ്ഞു. കുട്ടികളുടെ കൈകളിൽ ഉണ്ടായിരുന്ന പതാകകൾ ഹൈ-ടെൻഷൻ ലൈനിൽ തട്ടിയതിനെ തുടര്‍ന്നാണ് വൈദ്യുതാഘാതമേറ്റത്.
വിവരമറിഞ്ഞെത്തിയ പൊലീസാണ് കുട്ടികളെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചത്. പരിക്കേറ്റ 15 കുട്ടികളുടെ പേരുകൾ വെളിപ്പെടുത്തിയതായും അഹമ്മദ് പറഞ്ഞു. 13-കാരനായ മംഗിലാലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കുട്ടിയെ കാർഡിയോപൾമണറി റെസസിറ്റേഷൻ (സിപിആർ) റൂമിലേക്ക് മാറ്റിയിരിക്കുകയാണ്.
Also Read : മേള കാണാനെത്തിയ 17കാരിയെ ഭീഷണി പെടുത്തി കൂട്ടബലാത്സംഗത്തിനിരയാക്കി; 3 പേർ അറസറ്റിൽ
ലോക്‌സഭ സ്‌പീക്കർ ഓം ബിർളയും സംസ്ഥാന ഊർജ മന്ത്രി ഹീരാലാൽ നഗറും പരിക്കേറ്റ കുട്ടികളെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു. പരിക്കേറ്റ കുട്ടികള്‍ക്ക് മതിയായ ചികിത്സ നൽകാന്‍ ഡോക്‌ടർക്ക് നിർദേശം നൽകി. ഏതെങ്കിലും കുട്ടിയുടെ ആരോഗ്യനില ഗുരുതരമായാല്‍ വിദഗ്‌ധ ചികിത്സ ഉറപ്പാക്കണമെന്നും സ്‌പീക്കര്‍ നിര്‍ദേശം നല്‍കി. ഐജി രവി ദത്ത് ഗൗർ, ജില്ല കലക്‌ടർ ഡോ.രവീന്ദ്ര ഗോസ്വാമി, എസ്പി ഡോ. അമൃത് ദുഹാൻ എന്നിവരുൾപ്പടെ മുതിർന്ന ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.