ഭുവനേശ്വര്‍ : ഒഡിഷയില്‍ മയക്കുമരുന്ന് നല്‍കി യുവതിയെ ബലാത്സംഗം ചെയ്‌ത സംഭവത്തില്‍ സ്വയം പ്രഖ്യാപിത ആള്‍ദൈവം പിടിയില്‍. ഒഡിഷയിലെ സംബാൽപൂരിലാണ് സംഭവം. പരിചയം നടിച്ച് യുവതിയെ ഇയാളുടെ താമസ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ യുവതിയെ ആക്രമിക്കുകയായിരുന്നു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വൈഷ്‌ണവ് ജൂഹ്‌ലി സ്വദേശിയായ പ്രഫുല്ല മഹല എന്ന ആള്‍ദൈവത്തെ പൊലീസ് പിടികൂടി.
ആക്രമണത്തെ തുടർന്ന് പരിക്കേറ്റ യുവതിയെ വൈദ്യചികിത്സക്കായി ടൗൺ ഏരിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രഫുല്ല മഹലയെ യുവതിക്ക് അറിയാമായിരുന്നുവെന്നും പരിചയം ഉള്ളതിനാല്‍ യുവതി ഇയാളുടെ വീട്ടിലേക്ക് പോവുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
ഇയാള്‍ ഒരു സ്വയം പ്രഖ്യാപിത ആൾദൈവം ആണെന്നും തെറ്റായ ഉദ്ദേശ്യത്തോടെയാണ് സ്‌ത്രീയെ വീട്ടിലേക്ക് ക്ഷണിച്ചതെന്നും പ്രദേശവാസികള്‍ പറഞ്ഞു. മയക്കുമരുന്ന് നല്‍കി അബോധാവസ്ഥയിലാക്കിയ ശേഷമാണ് യുവതിയെ ഇയാള്‍ ആക്രമിച്ചതെന്നും പ്രദേശവാസികള്‍ ആരോപിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കഴിഞ്ഞ ദിവസം രാവിലെ 11:00 നും 12:00 നും ഇടയിലാണ് സംഭവം. പ്രദേശത്ത് മറ്റൊരു ആവശ്യവുമായി പോയ യുവതിയെ ഇയാള്‍ സ്വന്തം വസതിയിലേക്ക് ക്ഷണിക്കുകയായിരുന്നു. തുടര്‍ന്ന് പ്രഫുല്ല മഹല, സ്‌ത്രീയോട് അപമര്യാദയായി പെരുമാറുകയായിരുന്നു. ഒറ്റക്കായ സാഹചര്യം മുതലെടുത്ത് ഇയാള്‍ ബലാത്സംഗം ചെയ്‌തതായി യുവതി പൊലീസിന് മൊഴി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്‌തു.
പ്രതിയെപറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ അന്വേഷിക്കുകയാണെന്നും ഇയാളെ വൈദ്യപരിശോധനക്ക് വിധേയമാക്കിയതായും പൊലീസ് അറിയിച്ചു. യുവതിയ്‌ക്ക് നീതി ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി. യുവതിയുടെ ആരോഗ്യനില തൃപ്‌തികരമാണ്.