ന്യൂഡല്‍ഹി: രാജ്യത്തിന്‍റെ ‘മതേതരത്വം’ എന്നത് ഭരണഘടനയുടെ അടിസ്ഥാനമാണെന്നും അത് ഭേദഗതി ചെയ്യാനാകില്ലെന്നുമുള്ള സുപ്രധാന വാദവുമായി സുപ്രീം കോടതി. ഭരണഘടനയുടെ ആമുഖത്തിൽ സോഷ്യലിസം, മതേതരത്വം എന്നീ പദങ്ങൾ ഉൾപ്പെടുത്തിയതിനെ ചോദ്യം ചെയ്‌തുള്ള ഒരു കൂട്ടം ഹർജികൾ പരിഗണിക്കവെയാണ് സുപ്രീം കോടതി നിലപാട് വ്യക്തമാക്കിയത്. ഭരണഘടനയുടെ അടിത്തറയായി നാം കാണുന്ന മതേതരത്വവും സോഷ്യലിസവും ഭേദഗതി ചെയ്യാനാകില്ലെന്നും കോടതി നിരീക്ഷിച്ചു.
മതേതരത്വവും സോഷ്യലിസവും ഒഴിവാക്കിക്കൊണ്ട് ഭരണഘടനയുടെ ആമുഖം ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബൽറാം സിങ്, മുതിർന്ന ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി, അഭിഭാഷകൻ അശ്വിനി കുമാർ ഉപാധ്യായ എന്നിവരാണ് ഹർജികൾ സമർപ്പിച്ചിരുന്നത്. ജസ്‌റ്റിസുമാരായ സഞ്ജീവ് ഖന്ന, സഞ്ജയ് കുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചുകൊണ്ട് ഇന്ത്യ ഒരു മതേതര-സോഷ്യലിസ്‌റ്റ് രാജ്യമാണെന്ന് വ്യക്തമാക്കിയത്.
മതേതരത്വം ഭരണഘടനയുടെ അടിസ്ഥാനമാണെന്ന് മുമ്പും കോടതി വ്യക്തമാക്കിയിട്ടുണ്ടെന്ന് ജസ്‌റ്റിസ് ഖന്ന പറഞ്ഞു. ' മതേതരത്വം ഭരണഘടനയുടെ അടിസ്ഥാന ഭാഗമാണെന്ന് ഞങ്ങൾ പറഞ്ഞിട്ടുള്ള നിരവധി വിധിന്യായങ്ങൾ ഉണ്ട്. വാസ്‌തവത്തിൽ, ഭരണഘടനയുടെ അടിസ്ഥാന ഘടന എന്ന നിലയിൽ അതിന് ഭേദഗതി ചെയ്യാനാവാത്ത ഭാഗം എന്ന പദവി നൽകിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് നിരവധി വിധിന്യായങ്ങളുണ്ട്, നിങ്ങൾക്ക് വേണമെങ്കിൽ അത് പരിശോധിക്കാം,' എന്ന് ജസ്‌റ്റിസ് ഖന്ന ഹര്‍ജിക്കാരോട് പറഞ്ഞു.
ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യതയ്ക്കുള്ള അവകാശവും, ഭരണഘടനയിലെ മൂന്നാം ഭാഗത്തിന് കീഴിലുള്ള മൗലിക അവകാശങ്ങളും പരിശോധിച്ചാൽ മതനിരപേക്ഷത എന്നത് ഭരണഘടനയുടെ പ്രധാന സവിശേഷതയായി കാണാമെന്നും ജഡ്‌ജി ഊന്നിപ്പറഞ്ഞു. മതേതരത്വം ഭരണഘടനയുടെ കാതലായ സവിശേഷതയായി കണക്കാക്കുന്നു എന്നതിന്‍റെ സൂചനയാണിത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
മതേതരത്വത്തെ സംബന്ധിച്ചിടത്തോളം, ഭരണഘടന അംഗീകരിക്കുകയും ചർച്ച നടക്കുകയും ചെയ്യുമ്പോൾ ഫ്രഞ്ച് മാതൃകയാണ് നമ്മള്‍ പിന്തുടര്‍ന്നത്, എങ്കിലും മതേതരത്വത്തിന്‍റെ പുതിയ മാതൃകയാണ് ഇന്ത്യ സ്വീകരിച്ചതെന്നും ജഡ്‌ജി കൂട്ടിച്ചേർത്തു.
ഇന്ത്യ മതേതരമാകാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലേ?
‘ഇന്ത്യ മതേതരമാകാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലേ’ എന്ന് ജസ്‌റ്റിസ് ഖന്ന ഹര്‍ജിക്കാരോട് ചോദിച്ചു. 'ഇന്ത്യ മതേതരമല്ലെന്ന് ഞങ്ങൾ പറയുന്നില്ല. ഈ ഭേദഗതിയെ ഞങ്ങൾ വെല്ലുവിളിക്കുന്നു,' എന്ന് ഹർജിക്കാരനായ ബൽറാം സിങ്ങിന് വേണ്ടി ഹാജരായ അഭിഭാഷകൻ വിഷ്‌ണു ശങ്കർ ജെയിൻ വ്യക്തമാക്കി. 'സോഷ്യലിസം' എന്ന വാക്ക് ഉൾപ്പെടുത്തുന്നത് വ്യക്തിസ്വാതന്ത്ര്യത്തെ വെട്ടിക്കുറയ്ക്കുമെന്ന് ഡോ. അംബേദ്‌ക്കര്‍ അഭിപ്രായപ്പെട്ടിരുന്നുവെന്നും ജെയിൻ കോടതിയില്‍ പറഞ്ഞു.
സോഷ്യലിസം അർഥമാക്കുന്നത് സമത്വവും രാജ്യത്തിന്‍റെ സമ്പത്തും തുല്യമായി വിതരണം ചെയ്യണമെന്നാണെന്നും, പാശ്ചാത്യ രാജ്യങ്ങള്‍ സോഷ്യലിസത്തിന് നല്‍കുന്ന അർഥം നമ്മള്‍ എടുക്കേണ്ടതില്ലെന്നും ഹര്‍ജിക്കാര്‍ക്ക് മറുപടിയായി ജസ്‌റ്റിസ് ഖന്ന പറഞ്ഞു. അതേസമയം, ഹര്‍ജി നവംബര്‍ 18 ന് ശേഷം വീണ്ടും പരിഗണിക്കും.
Read Also: ദേശീയ ബാലാവകാശ കമ്മിഷന് തിരിച്ചടി; മദ്രസകള്‍ അടച്ചുപൂട്ടണമെന്ന ഉത്തരവ് സ്‌റ്റേ ചെയ്‌ത് സുപ്രീം കോടതി