ഹാസൻ: ജെഡി(എസ്) എംഎൽസി സൂരജ് രേവണ്ണയ്‌ക്കെതിരെ രണ്ടാമത്തെ കേസ് രജിസ്‌റ്റർ ചെയ്‌ത് പൊലീസ്. സൂരജ് രേവണ്ണയുടെ അടുത്ത സഹായിയുടെ പരാതിയിന്മേൽ പ്രകൃതി വിരുദ്ധ പീഡനത്തിനാണ് കേസെടുത്തിരിക്കുന്നത്. സൂരജിനെ സംരക്ഷിക്കാൻ വേണ്ടി ഒരു ജെഡി(എസ്) പ്രവർത്തകനെതിരെ സൂരജിൻ്റെ സഹായി നേരത്തെ പരാതി നൽകിയിരുന്നു.
ശനിയാഴ്‌ച രാത്രിയാണ് സൂരജിനെതിരെ പ്രകൃതി വിരുദ്ധ പീഡനത്തിന് ആദ്യ കേസ് രജിസ്‌റ്റർ ചെയ്‌തത്. അടുത്ത ദിവസം തന്നെ അറസ്‌റ്റ് ചെയ്യുകയും 14 ദിവസത്തെ ജുഡീഷ്യൽ കസ്‌റ്റഡിയിൽ റിമാൻഡ് ചെയ്യുകയും ചെയ്‌തു. തിങ്കളാഴ്‌ച കോടതി ഇയാളെ എട്ട് ദിവസത്തെ പൊലീസ് കസ്‌റ്റഡിയിൽ വിട്ടു.
സൂരജ് രേവണ്ണയ്‌ക്കെതിരെ രണ്ടാമത്തെ എഫ്ഐആർ രജിസ്‌റ്റർ ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് ഹാസനിലെ പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. മെഡിക്കൽ ഡോക്‌ടറായ സൂരജ് മുൻ പ്രധാനമന്ത്രിയായ (ജെഡി(എസ്)) എച്ച് ഡി ദേവഗൗഡയുടെ ചെറുമകനും ഹോളനരസിപുര എംഎൽഎ എച്ച് ഡി രേവണ്ണയുടെ മകനുമാണ്.
ഹാസനിലെ മുൻ എംപി പ്രജ്വൽ രേവണ്ണയുടെ മൂത്ത സഹോദരനുമാണ്. ഹാസനിൽ നിരവധി സ്‌ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുകയും അവരുടെ ദൃശ്യങ്ങൾ പകർത്തുകയും ചെയ്‌ത കേസിൽ പൊലീസ് കസ്‌റ്റഡിയിലാണ് പ്രജ്വൽ. സൂരജിൻ്റെയും പ്രജ്വലിൻ്റെയും മാതാപിതാക്കളായ രേവണ്ണയും ഭവാനിയും ഒരു സ്‌ത്രീയെ തട്ടിക്കൊണ്ടുപോയി എന്ന കുറ്റത്തിന് ഇപ്പോൾ ജാമ്യത്തിലാണ്.
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ തൻ്റെ പാർട്ടിയായ ജെഡി(എസ്) ബിജെപിയുമായി സഖ്യമുണ്ടാക്കിയതിനാൽ 2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥിയായി പ്രജ്വൽ മത്സരിച്ചിരുന്നു.
Also Read: പാർട്ടി പ്രവർത്തകനെതിരെ ലൈംഗികാതിക്രമം; പ്രജ്വൽ രേവണ്ണയുടെ സഹോദരൻ സൂരജ് രേവണ്ണ അറസ്റ്റിൽ