ചെന്നൈ: 'ഇന്ത്യയിൽ മതങ്ങളെ തമ്മിലടിപ്പിക്കാന്‍ ശ്രമിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടപടിയെടുക്കണം' എന്നാവശ്യപ്പെട്ട് പരാതി നൽകി സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (എസ്‌ഡിപിഐ). ചെന്നൈ നോർത്ത് സോൺ പ്രസിഡന്‍റ് മുഹമ്മദ് റഷീദാണ് ചെന്നൈ പൊലീസ് കമ്മിഷണറുടെ ഓഫിസിൽ പരാതി നൽകിയത്.
രാജസ്ഥാൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച്, ജനങ്ങൾക്കിടയിൽ മതപരമായ ഭിന്നിപ്പ് സൃഷ്‌ടിക്കാനും പൊതുജനങ്ങൾക്കിടയിൽ അനാവശ്യ സംഘർഷമുണ്ടാക്കാനുമുള്ള ഹീന പ്രവർത്തിയാണ് മോദി നടത്തിയതെന്ന് പരാതിയില്‍ പറയുന്നു. അതിനാൽ മോദിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ കേസെടുത്ത് ഉടൻ നിയമ നടപടി സ്വീകരിക്കണം. പൊതുസമാധാനം നിലനിർത്താൻ പൊലീസ് മുഖേന നടപടിയെടുക്കാൻ ശുപാർശ ചെയ്യണമെന്നും എസ്‌ഡിപിഐയുടെ പരാതിയിൽ പറയുന്നു.
കഴിഞ്ഞ 21-ന് രാജസ്ഥാൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ, കോൺഗ്രസ് അധികാരത്തിൽ വന്നാൽ രാജ്യത്തിന്‍റെ സമ്പത്ത് മുഴുവൻ മുസ്‌ലീങ്ങൾക്ക് വീതിച്ച് നല്‍കും എന്നായിരുന്നു മോദിയുടെ പരാമര്‍ശം. നിങ്ങളുടെ സ്വത്ത് നുഴഞ്ഞുകയറ്റക്കാർക്കും അധികം കുട്ടികളുള്ളവർക്കും പങ്കു വെക്കാന്‍ നിങ്ങൾ അനുവദിക്കുമോ എന്നും മോദി ചോദിച്ചിരുന്നു. മോദിയുടെ പ്രസംഗത്തിന്‍റെ വീഡിയോ രാജ്യത്തുടനീളം പ്രചരിച്ചിരുന്നു. പരാമര്‍ശത്തിന് പിന്നാലെ ശക്തമായ പ്രതിഷേധമാണ് മോദിക്കെതിരെ ഉയര്‍ന്നു വന്നത്.