ന്യൂഡല്‍ഹി: പുതുതായി നിയമിച്ച രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനത്തില്‍ ഇടപെടാതെ സുപ്രീം കോടതി. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ അവരുടെ നിയമനം സ്‌റ്റേ ചെയ്യുന്നത് കാര്യങ്ങള്‍ താറുമാറാക്കുമെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു. അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റൈറ്റ്സിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണോട് ഭരണഘടനയിലെ അനുച്ഛേദം 324(2) വായിക്കാനും ജസ്‌റ്റിസുമാരായ സഞ്ജീവ് ഖന്നയും ദീപാങ്കര്‍ ദത്തയും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശിച്ചു (SC Refuses To Hold EC Appointment ).
തുടക്കം മുതല്‍ 2023ല്‍ സുപ്രീം കോടതി ഉത്തരവുണ്ടാകും വരെ രാഷ്‌ട്രപതിയാണ് തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിയമനങ്ങള്‍ നടത്തിയതെന്നും ജസ്‌റ്റിസ് ഖന്ന ചൂണ്ടിക്കാട്ടി. ഇത് ഒരു നടപടിക്രമം പാലിച്ചാണ് നടത്തുന്നതെന്നും കോടതി പറഞ്ഞു. 2023ല്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനത്തിനായി പാര്‍ലമെന്‍റ് നിയമം പാസാക്കി. ഇത്തരമൊരു നിയമം പാസാക്കരുതെന്ന് കോടതിക്ക് പറയാനാകില്ലെന്നും കോടതി വ്യക്‌തമാക്കി.
1950 മുതല്‍ നിരവധി കമ്മീഷണര്‍മാരെ ഇവിടെ നിയമിച്ചിട്ടുണ്ട്. പരാതിക്കാരുടെ വാദങ്ങള്‍ സ്വീകരിച്ചാല്‍ തെരഞ്ഞെടുപ്പ് പ്രക്രിയ അലങ്കോലമാകും. സര്‍ക്കാര്‍ നിയമിച്ച തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെക്കുറിച്ച് ആരോപണങ്ങളില്ലെന്ന് കോടതി ഊന്നിപ്പറഞ്ഞു. കമ്മീഷണര്‍മാരെ നിയമിക്കുന്നത് ചീഫ് ജസ്‌റ്റിസ് കൂടി ഉള്‍പ്പെട്ട സമിതിയാകണമെന്ന നിര്‍ദ്ദേശം പുറപ്പെടുവിക്കണമെന്ന് ഭൂഷണ്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പ് സമിതിയില്‍ ജഡ്‌ജിമാര്‍ വേണമെന്ന് 2023ല്‍ ഭരണഘടന ബെഞ്ച് പാസാക്കിയ നിയമത്തിലും പറയുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഭരണകൂടത്തിന്‍റെ വിരല്‍ത്തുമ്പിലാണെന്ന് ഭൂഷണ് പറയാനാകില്ലെന്നും കോടതി പറഞ്ഞു(Prasanth Bhushan).
തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനത്തിനായി പാര്‍ലമെന്‍റ് 2023ല്‍ പാസാക്കിയ നിയമം സ്‌റ്റേ ചെയ്യാനും കോടതി വിസമ്മതിച്ചു. അതേസമയം കേന്ദ്ര സര്‍ക്കാരിന്‍റെ അതിവേഗ നിയമനങ്ങളെ കോടതി വിമര്‍ശിച്ചു.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെയും കമ്മീഷണര്‍മാരെയും നിയമിക്കാന്‍ പാര്‍ലമെന്‍റിന് നിയമം പാസാക്കാമെന്ന് 2023ലെ വിധിന്യായത്തില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ചൂണ്ടിക്കാട്ടി. നിയമം നിലവില്‍ വന്ന ശേഷമാണ് കമ്മീഷണര്‍മാരെ നിയമിക്കാനുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Also Read: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷണര്‍ അരുണ്‍ ഗോയലിന്‍റെ രാജി; ആശങ്ക പ്രകടിപ്പിച്ച് സിപിഐഎം
നിയമനത്തിനായി ഒരു പട്ടിക മാര്‍ച്ച് പതിനാലിന് കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ചിരുന്നതായി ബെഞ്ച് വ്യക്തമാക്കി. 200 പേരില്‍ നിന്ന് എങ്ങനെയാണ് ചുരുങ്ങിയ ദിവസം കൊണ്ട് ആറ് പേരുടെ ചുരുക്കപ്പട്ടിക തയാറാക്കുക എന്നും കോടതി ആരാഞ്ഞു. കൂടുതല്‍ സമയം ആവശ്യമാണ്. കേന്ദ്രസര്‍ക്കാരിന് മെല്ലെപ്പോക്ക് ആണെന്നും കോടതി ചൂണ്ടിക്കാട്ടി. പേരുകള്‍ പരിഗണിക്കാന്‍ കുറച്ച് കൂടി സമയം വേണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിട്ട് എന്തുകൊണ്ടാണ് ലഭിക്കാതിരുന്നതെന്നും ബെഞ്ച് ആരാഞ്ഞു.