ന്യൂഡൽഹി: ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന്‍ സമര്‍പ്പിച്ച ഹർജി പരിഗണിക്കേണ്ടതില്ലെന്ന് സുപ്രീം കോടതി. സോറനെതിരായ പരാതി വിചാരണ കോടതി പരിഗണിച്ചതും, പ്രത്യേക കോടതിയിൽ ജാമ്യാപേക്ഷ നൽകിയതും സോറൻ സുപ്രീം കോടതിയിൽ മറച്ചുവെച്ചതിനെ സുപ്രീം കോടതി വിമർശിച്ചിരുന്നു. ഇതോടെയാണ് സോറന്‍ ഹര്‍ജി പിന്‍വലിച്ചത്.
ഇഡി അറസ്‌റ്റ് ചോദ്യം ചെയ്‌തും ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇടക്കാല ജാമ്യം തേടിയുമായിരുന്നു സോറന്‍റെ ഹര്‍ജി. ജസ്‌റ്റിസ് ദീപങ്കർ ദത്തയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് കേസ് പരിഗണിച്ചത്. വസ്‌തുതകൾ വെളിപ്പെടുത്താതെ സുപ്രീം കോടതിക്ക് മുമ്പിലെത്തുന്നത് ശരിയല്ലെന്ന് ജസ്‌റ്റിസ് ദത്ത നിരീക്ഷിച്ചു. ഇഡിയുടെ പരാതിയിൽ നേരത്തെ തന്നെ കോടതിയലക്ഷ്യമുണ്ടെന്നും ജാമ്യാപേക്ഷ തള്ളിയിട്ടുണ്ടെന്നും ബെഞ്ച് നിരീക്ഷിച്ചു. തുടര്‍ന്ന് ഹർജി പരിഗണിക്കാനാകില്ലെന്ന് ബെഞ്ച് വ്യക്തമാക്കുകയായിരുന്നു.
സോറന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബലിന്‍റ വാദങ്ങള്‍ കോടതി അംഗീകരിച്ചില്ല. ഒടുവിൽ സിബല്‍ ഹർജി പിൻവലിക്കുകയായിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജനുവരി 31 ന് ആണ് ഹേമന്ത് സോറനെ ഇഡി അറസ്‌റ്റ് ചെയ്യുന്നത്. അറസ്‌റ്റിന്‍റെ സാധുത ചോദ്യം ചെയ്‌ത സോറന്‍റെ ഹർജി തള്ളിയ ജാർഖണ്ഡ് ഹൈക്കോടതിയുടെ വിധിക്കെതിരെയാണ് സോറന്‍ സുപ്രീം കോടതിയെ സമീപിച്ചത്. കേസില്‍ രണ്ട് ദിവസമായി സുപ്രീം കോടതി വാദം കേള്‍ക്കുകയായിരുന്നു. റാഞ്ചിയിലെ 8.86 ഏക്കർ ഭൂമി സോറന്‍ അനധികൃതമായി സമ്പാദിച്ചതുമായി ബന്ധപ്പെട്ടാണ് ഇഡി അന്വേഷണം നടക്കുന്നത്.